ടോണി ബ്ലെയർ പഠിപ്പിക്കുന്നത്


ഇടവഴികളെ ഇരുട്ട് വിഴുങ്ങി തുടങ്ങുന്ന നേരം. കണ്ണടച്ച്, മിഴിച്ച്, വീണ്ടും അടച്ച് ചൊടിച്ചുറങ്ങുന്ന തൊട്ടാവാടികളെയും, ഉച്ചസ്ഥായിയിൽ സാധകം ചെയ്യുന്ന പാണൻ തവളകളെയും ചവിട്ടി മെതിച്ച് ഞങ്ങളോടി കിതച്ച് ദാമോദരന്റെ വീട്ടുപടിക്കൽ നിന്നു.

അവിടെയും ഇവിടെയുമൊക്കെയായി കുറച്ച് പേർ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ദാമോദരൻ, അയാളുടെ വീടിന്റെ ഉമ്മറത്തിണ്ണയിൽ കാല് രണ്ടും ആട്ടിയിരിക്കുകയാണ്. കൈകളിൽ രക്തത്തിൽ കുളിച്ച ഒരു കത്തിയുണ്ട്. തൊട്ടടുത്ത് അറുത്ത് വെച്ച അയൽക്കാരന്റെ രക്തത്തിൽ കുളിച്ച തല!

ദാമോദരൻ, ഞാനടക്കമുള്ള അത്യാവശ്യം ഗുസ്തിയുമായി നടക്കുന്ന ഒരു സംഘത്തിന്റെ താങ്ങായിരുന്നു. ചെറിയ പ്രശ്നങ്ങൾ വന്നാൽ പോലും നമുക്കവനെ തട്ടിക്കളയാം എന്ന് പറയുന്നവൻ. പക്ഷെ പുള്ളിക്കാരന്റെ പ്രസ്താവനകൾക്ക് ഇത്രത്തോളം ആത്മാ‍‍‍‍‍‍‍‍ർത്ഥതയുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ ഒരു കൊലപാതകം കണ്ടപ്പോൾ മാത്രമാണ്. പോലീസ് വണ്ടിയിൽ ചുരുട്ടികൂട്ടി ദാമോദരനെ എസ്.ഐ നിക്ഷേപിക്കുന്പോൾ, ചോരക്കണ്ണുകളോടെ അവൻ എന്നെയും ഒന്നു നോക്കി. ഇന്നലെ വരെ പൊറോട്ടക്കും മുട്ടക്കറിക്കും വേണ്ടി പന്തയം വെച്ച് ക്യാരംസ് കളിച്ചിരുന്ന  സുഹൃത്തിന്റെ ഭാവമാറ്റം കണ്ടപ്പോൾ തള്ളിപ്പോയത് എന്റെ കണ്ണുകളായിരുന്നു.

ആദ്യമായായിരുന്നു ഒരു കൊലപാതകിയെ നേരിട്ടു കാണുന്നത്. അതു തന്റെ സുഹൃത്താണെന്ന തിരിച്ചറിവ് മനസ്സിനെ വേവലാതിപ്പെടുത്തി കൊണ്ടിരുന്നു.

ദാമോദരൻ അറുത്തു വെച്ച തലയുടെ ദയനീയമായ കിടപ്പ് ഉറക്കം വരാത്ത രാത്രികളിൽ എന്റെ മനസ്സിൽ ഉണർന്നു കൊണ്ടിരുന്നു! പിന്നീട് തൊടുപുഴയിൽ, പുഴക്കടവിൽ വെച്ചാണ് ഒരു ജോസഫിനെ പരിചയപ്പെടുന്നത്. പുഴയിൽ മുങ്ങി നിവർന്ന് മലക്കം മറിഞ്ഞ് ഒഴുകി വരുന്ന മരത്തടികൾ കരയോടടുപ്പിക്കുന്ന ജോസഫ് എന്റെ ഒരു കടവ് പാഠിയായത് കേവലം ദിവസങ്ങളുടെ പരിചയം വഴി മാത്രമായിരുന്നു. പരിചയത്തിന് രണ്ടാഴ്ച പ്രായമായപ്പോഴാണ് ജോസഫ് പുഴക്കടവിൽ വെച്ച് ഇനി എപ്പോഴെങ്കിലും പറ്റുമെങ്കിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞത്. സംഭവം മനസ്സിലാകാതെ തരിച്ച് നിന്ന എന്നെ നോക്കി ജോസഫ് പറഞ്ഞു, ഞാൻ പരോളിൽ ഇറങ്ങിയതാ റബ്ബർ വെട്ടുന്ന കത്തികൊണ്ട് രണ്ടെണ്ണത്തെ വെട്ടി എന്റെ ഗതികേട് കൊണ്ട് രണ്ടും വടിയായി. ചിരി മാഞ്ഞ് പോകുന്ന ജോസഫിന്റെ ചുണ്ടിലൊരു പരിഹാസച്ചിരി വിടരുന്നത് കണ്ടപ്പോൾ വീണ്ടും തള്ളിപ്പോയത് എന്റെ പരിഭ്രാന്തി നിറഞ്ഞ കണ്ണുകൾ തന്നെയായിരുന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഡൽഹിയിലെ ഗുർഗോൺ എന്ന സ്ഥലത്ത് നാട്ടുകാർ ഒരു പയ്യനെ വരിഞ്ഞ് കെട്ടി മർദ്ദിക്കുന്നത് കണ്ടത്. ഒരു പെൺകുട്ടിയെ പീ‍‍‍‍‍‍‍‍ഡിപ്പിച്ച് കൊന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ച ഘടകം. ഏതായാലും പയ്യൻ നാട്ടുകാരുടെ അടികൊണ്ട് മരിച്ച് പോകുന്നതിന് മുന്പ് പോലീസെത്തി രക്ഷിച്ചു. നിർത്താതെയുളള പ്രഹരമേറ്റിട്ടും ഒരു പെൺകുട്ടിയെ നിഷ്കരുണം കൊന്നിട്ട് നിസ്സംഗതയോടെ നിൽക്കുന്നത് കണ്ടപ്പോൾ വിശ്വാസം വരാതെ വീണ്ടും തള്ളിപ്പോയത് എന്റെ പരിഭ്രാന്തി നിറഞ്ഞ കണ്ണുകൾ തന്നെയായിരുന്നു.

രണ്ട് ദിവസം മുന്പ്് ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച, അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി.

ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ചാത്തം ഹൗസിന്റെ നിയമങ്ങളോടെ നടന്ന ചർച്ചയിൽ ബഹ്റിനിലെ വളരെ പ്രഗത്ഭരായ 80ൽ താഴെ വരുന്ന അതിഥികളേ ഉണ്ടായിരുന്നുള്ളൂ.

പ്രസ്തുത ചർച്ചയുടെ മുഖ്യ ആകർഷണം രണ്ട് പ്രാവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ സാന്നിദ്ധ്യമായിരുന്നു. ഡി.ടി ന്യൂസിന്റെ ചീഫ് എഡിറ്റർ സോമൻ ബേബിയും ഞാനും അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും സോമൻ ബേബി എഴുതിയ ശുക്രൻ ബഹ്റിൻ എന്ന പുസ്തകം നൽകുകയും ചെയ്തു. വളരെ എളിമയോടെ വിവരങ്ങൾ അന്വേഷിക്കുകയും പ്രതികരിക്കുകയും ചെയ്ത് ടോണി ബ്ലെയറിന്റെ വിനയം എന്നെ അത്ഭുതപ്പെടുത്തി. ടോണി ബ്ലെയർ അധികാരം ലഭിച്ച് കഴിഞ്ഞ ആദ്യ ആറ് വർഷത്തിനുള്ളിൽ അഞ്ച് പ്രാവശ്യമാണ് ബ്രിട്ടീഷ് സേനയെ യുദ്ധഭൂമിയിലേയ്ക്ക് നയിച്ചത്. അതിൽ ഇറാക്കിൽ മാത്രം കൊല്ലപ്പെട്ടത് 10 ലക്ഷം പേരാണ്! 50 അൽഖ്വയ്ദ തീവ്രവാദികളെ വധിക്കാനാണ് അഫ്ഗാനിസ്ഥാനിൽ കയറി ബ്രിട്ടീഷ് സേന കൂട്ടക്കുരുതി നടത്തിയത്!

സന്തോഷതോടെ ടോണി ബ്ലെയറുടെ കൂടെ നിന്ന് ഫോട്ടെയെടുക്കുന്പോൾ ഞാൻ ചിന്തിച്ചത് പുറത്തേയ്ക്ക് തള്ളാതെ മിഴിച്ച് നിൽക്കാത്ത എന്റെ കണ്ണുകളെക്കുറിച്ചായിരുന്നു. അപ്പോൾ മനസ്സിനുള്ളിൽ നിന്നും ആരോ പറഞ്ഞുകൊണ്ടിരുന്നു. ‘കൊല്ലുന്നതിനും ഒരു ൈസ്റ്റൽ ഒക്കെ ഉണ്ട് മോനേ ദിനേശാ... ഒരാളെ കൊന്നാൽ കൊലപാതകി ആയിരം പേരെ കൊന്നാൽ നേതാവ്’ !

You might also like

Most Viewed