കള്ളം പൊളിഞ്ഞതറിയാതെ ദില്ലി ഹൈക്കോടതി!


ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് ഫോർ പി.എം ന്യൂസിൽ ഞാൻ എഴുതിയ ‘ജെ.എൻ.യു: രാജ്യദ്രോഹത്തിന്റെ നേർക്കാഴ്ച’ എന്ന ലേഖനം ശ്രീ. സജി മാർക്കോസിനെ ഞെട്ടിച്ചു എന്നറിഞ്ഞതിൽ‍ നിർവ്യാജം ഖേദിക്കുന്നു. പക്ഷെ എന്റെ ലേഖനം മാർച്ച് ഒന്നിന് പ്രസിദ്ധീകരിക്കേണ്ടതല്ല എന്ന വസ്തുത ഇന്നലത്തെ (മാർച്ച് 2) ദില്ലി ഹൈക്കോടതി വിധിയിലൂടെ ഏവർക്കും വ്യക്തമായിക്കാണും എന്ന് വിശ്വസിക്കുന്നു.

ജെ.എൻ.യു ചെയർമാൻ കനയ്യകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ട് ദില്ലി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ജെ.എൻ.യുവിൽ നടന്ന രാജ്യദ്രോഹത്തിന്റെ നേർക്കാഴ്ചകളായി. അഫ്സൽ ഗുരു അനുസ്മരണം അഭിപ്രായ സ്വാതന്ത്ര്യമോ മൗലിക അവകാശമോ അല്ല എന്ന് ദില്ലി ഹൈക്കോടതി പ്രസ്താവിച്ചു. ഇത്തരം മനോഭാവങ്ങൾ മാരക രോഗബാധയാണെന്നും അവ മുറിച്ചു മാറ്റണമെന്നും കോടതി പറഞ്ഞു. ഭാരതത്തിന്റെ അതിർത്തികളിൽ ഭാരത സൈന്യം ഊണും ഉറക്കവും ഉപേക്ഷിച്ച് കാവൽ നിൽക്കുന്നതുകൊണ്ടാണ് ഇത്തരം പരിപാടികൾ നടത്താൻ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നത്. മാത്രമല്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികന്റെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞ് കൊണ്ടുവരുന്നത് കാണുന്പോഴുണ്ടാകുന്ന സൈനികന്റെ ബന്ധുക്കളുടെ മാനസികാവസ്ഥയും അഫ്സൽ ഗുരു അനുസ്മരണം നടത്തുന്നവർ ഓർക്കണമെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു.

ഇതു മാത്രമല്ല ഇനി ഒരിക്കലും രാജ്യദ്രോഹപരമായ പരിപാടികളിൽ കനയ്യകുമാർ പങ്കെടുക്കരുതെന്നും കനയ്യകുമാറിനെ ജെ.എൻ.യുവിലെ അ
ദ്ധ്യാപകർ നേർവഴിക്ക് നടത്തണമെന്നും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്. ജെ.എൻ.യുവിൽ നടന്നത് രാജ്യദ്രോഹം തന്നെയാണ്. ദില്ലി ഹൈക്കോടതി സംഘപരിവാറിന്റേതാണെന്നോ ഹൈക്കോടതി അസഹിഷ്ണുതയാണെന്നോ വിമർശകർക്ക് എഴുതാം. പക്ഷേ രാജ്യദ്രോഹം രാജ്യദ്രോഹമായി തന്നെ നിലനിൽക്കും.

“ആധുനിക ഭാരതം കണ്ട ഏറ്റവും രാജ്യദ്രോഹിയും തീവ്രവാദിയും അഫ്സൽ ഗുരു ആയിരുന്നില്ല. ബി.ജെ.പിയുടെ സഹയാത്രികനായിരുന്ന ബാൽതാക്കറെ ആയിരുന്നു എന്ന് സമകാലീന ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും മനസിലാകും.” എന്ന ശ്രീ. സജി മാർക്കോസിന്റെ അഭിപ്രായം കണ്ടു. അഫ്സൽ ഗുരുവിനെ വീണ്ടും വീണ്ടും ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം തികച്ചും സഹതാപം അർഹിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ മേൽപറഞ്ഞ പരാമർശമാണ് അദ്ദേഹത്തിനുള്ള മറുപടി.

എന്റെ ലേഖനത്തിൽ അസഹിഷ്ണുത നിറഞ്ഞു നിൽക്കുന്നു എന്നത് ഒരുപക്ഷേ യാഥാർത്ഥ്യമായിരിക്കാം. പക്ഷെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി “കള്ളത്തിനു മുകളിൽ കള്ളം പെറ്റു കൂട്ടുന്നവളാണെന്ന” പ്രയോഗവും ബാൽതാക്കറെയെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദിയായി ചിത്രീകരിച്ചതും അസഹിഷ്ണുതയുടെ ഗണത്തിൽ പെടുന്നതല്ലേ? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വർഷങ്ങളോളം അന്തമാനിലെ ജയിലിലെ ഇരുട്ടറകളിൽ‍ ജീവിതം ഹോമിച്ച വിനായക് ദാമോദർ സവർക്കറെ അവഹേളിച്ചത് അസഹിഷ്ണുതയല്ലേ....? ഏതായാലും “ഇടതുപക്ഷത്തിന്റെ സ്വാതന്ത്ര്യ സമരം പരിശോധിച്ച് കഷ്ടപ്പെടേണ്ടതില്ല” എന്ന അദ്ദേഹത്തിന്റെ ഉപദേശം ഞാൻ അംഗീകരിക്കുന്നു. കാരണം ഭാരത സ്വാതന്ത്ര്യ സമരചരിത്രത്തിൽ മഷിയിട്ടു നോക്കിയാൽ പോലും ഒരു ഇടതുപക്ഷക്കാരനേയും കാണില്ല. കാരണം ഇന്ത്യൻപാർലമെന്റ് ആക്രമിച്ചവനെ ന്യായീകരിക്കുന്നവരുടെ പൂർവ്വീകർക്ക് എങ്ങിനെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുവാൻ കഴിയും.

എ. ശിവപ്രസാദ്

You might also like

Most Viewed