പെരുമാറ്റത്തിലെ മാന്യത...


ഫാ. മോനായി കെ.ഫിലിപ്പ്

ഒരു അത്യാവശ്യഘട്ടത്തിലും, അപ്രതീക്ഷിതമായ അവസരത്തിലും എങ്ങിനെയാണ് നമ്മുടെ പെരുമാറ്റം? അത് മറ്റുള്ളവർക്ക് ഒരു ആശ്വാസമാണോ, അതോ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോ?

കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ഇരുചക്ര വാഹന അപകടത്തിൽ 27 ഉം 25 വയസ്സും ഉള്ള സഹോദരങ്ങൾ കൊല്ലപ്പെട്ടു. മൃതശരീരങ്ങൾ ഭവനത്തിൽ എത്തിച്ചപ്പോൾ ആൾക്കൂട്ടത്തിന്റെ ബാഹുല്യം നിമിത്തം അനേക മണിക്കൂറുകൾ തന്നെ വേണ്ടിവന്നു എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ. ആ ഭവനത്തിലേക്കുള്ള വഴി ഇടുങ്ങിയതായിരുന്നതു മൂലം അവിടേക്ക് എത്താനായി ആളുകൾ‍ക്ക് വളരെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നു. ഭവനത്തിന്റെ ഹാളിൽ രണ്ട് മൊബൈൽ‍ മോർച്ചറികളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ‍ മുറിക്കകത്ത് നിൽക്കുന്നു. അതുമൂലം ഭൗതികശരീരങ്ങൾ കാണാനെത്തിയവർക്ക് അത് ദർശിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവയെല്ലാം കാത്തുനിന്നവരെ അസഹ്യതയുള്ളവരാക്കി.

എല്ലാവർക്കും സുഗമമായി ഭൗതിക ശരീരങ്ങൾ ദർശിച്ച് മടങ്ങുക എന്ന ദൗത്യത്തിനായി അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതും കാത്തു നിന്നവരിൽ അസഹ്യതയുടെ നിരക്ക് കൂട്ടി. പുറത്തു നിന്ന് പല ആക്രോശങ്ങൾ ഉണ്ടായി. ദേശം മുഴുവനും ദുഃഖം തളം കെട്ടി നിൽക്കുന്പോഴും, പുറത്ത് ഏറെ ശബ്ദങ്ങൾ ഉണ്ടായി. പലരും അകത്തേക്ക് കയറുന്പോൾ മുഖത്തിന് ദുഃഖവികാരത്തിൽ നിന്ന് കാത്തുനിൽപ്പിന്റെ അസഹ്യത മൂലം കോപത്തിന്റെ വികാരത്തോടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

നമ്മിൽ ഒരു അപ്രതീക്ഷിത ഘട്ടത്തിൽ എങ്ങനെയുള്ള മനോഭാവമാണ് ഉണ്ടാകുന്നത്? ചിലരുടെ വാക്കുകളിൽ, പ്രവർത്തികളിൽ ഒക്കെ അസഹ്യത സൃഷ്ടിക്കുമെന്നത് സാധാരണമാണ്. എന്നാൽ ആ അവസരങ്ങളിൽ നമ്മുടെ സമീപനം എങ്ങനെ എന്നത് നമ്മുടെ വ്യക്തിപ്രഭാവത്തിന് മാറ്റ് കൂട്ടുന്നു.

ഇത്തരം സന്ദർഭങ്ങളിൽ അത്യാവശ്യമായി ഉണ്ടാകേണ്ടത് ‘സംയമനം പാലിക്കുക’ എന്നതാണ്. സംയമനം എന്നത് ആ സാഹചര്യത്തിനനുസരിച്ച് നമ്മെത്തന്നെ നിയന്ത്രിക്കുക എന്നതും അതിൻ്റെ ബുദ്ധിമുട്ടുകളെ സഹനത്തോടെ സ്വീകരിക്കാനുമുള്ള മനോഭാവവുമാണ്. ശാന്തതയുടെ മനോഭാവമാണ് ഇത്. പ്രത്യേക സാഹചര്യങ്ങളിൽ‍ അസഹ്യത ഉണ്ടായേക്കാമെങ്കിലും, ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാമെങ്കിലും, അത്തരം അവസരങ്ങളിൽ നമ്മിലുണ്ടാകുന്ന എല്ലാ നെഗറ്റീവ് വികാരങ്ങളെയും കീഴ്പ്പെടുത്തി, ശാന്തത സൃഷ്ടിക്കുന്നതാണിത്. അസഹനീയത ഉണ്ടാകുന്പോൾ‍ ആക്രോശം ഉണ്ടാക്കുകയോ, വികാരത്തിന്റെ തള്ളൽ‍ ഉണ്ടാക്കുകയോ ചെയ്യുന്നതിന് ആരുടെയും ശക്തി ആവശ്യമില്ല. എന്നാൽ‍ അത്തരം അവസരങ്ങളിൽ സംയമനം പാലിക്കുവാൻ ശ്രദ്ധയും പരിശീലനവും ആവശ്യമായിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ അത് സ്വായത്തമാക്കുവാൻ ശ്രദ്ധിക്കുക.

അപ്രതീക്ഷിത സാഹചര്യങ്ങളിൽ ‘മറ്റുള്ളവർക്ക് എന്നിലൂടെ ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കുക’ എന്നതും ശ്രദ്ധിക്കേണ്ടതാണ്. എല്ലവർക്കും അവരുടേതായ വ്യക്തിത്വവും, പ്രത്യേകതയും എല്ലാമുണ്ട്. അവയെപ്പോഴും നടപ്പാക്കുക എന്നത് അപ്രാപ്യമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതിന്റെ അനന്തരം ആണിത്. നാം തനിയെ ആയിരിക്കുന്പോഴും, സ്വന്തം സ്ഥലത്ത് ആയിരിക്കുന്പോഴും, നമ്മുടെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുവാൻ നമുക്ക് സാധിക്കുമെങ്കിലും കൂട്ടായ്മയിൽ ആയിരിക്കുന്പോൾ അവ നടത്തപ്പെടാനുള്ള പിടിവാശി ഉപേക്ഷിക്കുന്നതാണ് കാരണീയം. മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടയാകരുത് എന്നത് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അത്യാവശ്യ സാഹചര്യങ്ങളിലുണ്ടാകുന്ന ‘ക്രമീകരണങ്ങളിൽ അഡ്ജസ്റ്റ് ചെയ്യുക’ എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. താൽക്കാലികമാണെങ്കിലും നമ്മുടെയും, അനേകരുടെയും നന്മയ്ക്കായും, സുഗമമായ നടത്തിപ്പിനായും അവ അത്യാവശ്യമാണ്. നമ്മുടെ താൽപ്പര്യങ്ങൾക്കു വേണ്ടി നിൽക്കാത്ത അവസ്ഥയും, എന്നാൽ‍ അപ്രതീക്ഷിതമായ സാഹചര്യങ്ങൾക്കനുസരിച്ച് നിൽക്കുവാനുള്ള നമ്മുടെ സന്നദ്ധതയുമാണ് ഇത് കുറിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക എന്നതിലൂടെ വ്യക്തിതാൽപ്പര്യങ്ങൾ ഹനിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അപ്രതീക്ഷിത സാഹചര്യങ്ങളിൽ നമ്മുടെ പെരുമാറ്റവും, പ്രതികരണവും മനോഭാവവും മറ്റുള്ളവർക്ക് ‘മാതൃകാപരമായി തീരണം’. അത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെട്ട് എന്ത് ചെയ്യണം എന്ന ചിന്തയിൽനിന്ന്, അത്തരം സാഹചര്യങ്ങളെ ക്രിയാത്മകതയോടെ നേരിടുന്നതിന് നല്ല മാതൃകകൾ നമ്മിൽനിന്ന് ഉണ്ടാകട്ടെ. റോഡിൽ‍ അപകടം ഉണ്ടാകുന്പോൾ നമ്മുടെ വാഹനം പരമാവധി സൈഡിലേയ്ക്ക് മാറ്റിനിർത്തി, അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുവാനും സഹായകമാകാനുള്ള സന്നദ്ധതയും നമ്മിൽ‍ നിന്ന് ഉണ്ടാകണം. അങ്ങനെയുള്ള പെരുമാറ്റം മറ്റുള്ളവർക്ക് ഒരു മാതൃക സൃഷ്ടിക്കുവാനും, അവരും അതിനെ അനുകരിച്ച് പ്രവർ‍ത്തിക്കുവാനും ഇടയാകണം.

ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകേണ്ട മറ്റൊരു മനോഭാവം ‘സ്വയം നേതൃത്വം ഏറ്റെടുക്കുക’ എന്നതാണ്. ഇത് പ്രതിസന്ധിയെ കൂടുതൽ‍ സങ്കീർ‍ണ്ണമാക്കുകയല്ല, മറിച്ച് അതിജീവിക്കുവാനുള്ള വഴി അതിലൂടെ വെളിവാക്കുവാനുള്ള ഉദ്യമമാണിത്. ഞാൻ‍ അതിനുവേണ്ടി എന്തിന് സമയവും താലന്തുകളും നിക്ഷേപിക്കണം എന്നതായിരിക്കരുത് നമ്മുടെ മനോഭാവം, പിന്നെയോ എനിക്ക് ഇതിൽ ഫലപ്രദമായി എങ്ങനെ ഇടപെടുവാൻ സാധിക്കുമെന്നത് ആകട്ടെ നമ്മെ ചിന്തിപ്പിക്കുന്നതും, പ്രവർ‍ത്തനപാന്ഥാവിലേയ്ക്ക് ഇറക്കുന്നതും.

അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ആരുടെ ജീവിതത്തിലും ഏത് സമയത്തും പ്രത്യക്ഷപ്പെടും എന്നതിനാൽ‍, അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ഇടപെടലുകൾ കൂടുതൽ സങ്കീർ‍ണ്ണത സൃഷ്ടിക്കുവാൻ ഇടയാകാതെ, സംയമനം പാലിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ, ക്രമീകരണങ്ങളിൽ എങ്ങനെയും അഡ്ജസ്റ്റ് ചെയ്യുവാനും, സ്വയം നേതൃത്വം ഏറ്റെടുത്ത് നല്ലൊരു മാതൃക അവശേഷിപ്പിക്കുവാനും നമുക്ക് ഇടയാകട്ടെ. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പെരുമാറ്റത്തിൽ മാന്യത കാണിക്കുവാൻ സാധ്യമായിത്തീരട്ടെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed