സ്വരസൗകുമാര്യത്തിന്റെ രാജകുമാരൻ: എ. എം. രാജ - ഓർമ്മകളിലെ നിത്യവസന്തം


പി പി സുരേഷ്

ദക്ഷിണേന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ ഒരിടം കണ്ടെത്തി, ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യപ്രതിഭയായിരുന്നു എ. എം. രാജ. 1929 ജൂലൈ ഒന്നിന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ജനിച്ച ഈ ഗാനഗന്ധർവ്വൻ, തന്റെ 60-ആം വയസ്സിൽ, 1989 ഏപ്രിൽ എട്ടിന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സ്വരമാധുരി ഇന്നും മലയാളികളുടെയും ദക്ഷിണേന്ത്യൻ സംഗീതപ്രേമികളുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.

വേറിട്ട ശബ്ദത്തിന്റെ ഉടമ

മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ പഠിക്കുമ്പോഴേ ഗാനരംഗത്ത് രാജ ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ ശബ്ദത്തിലെ സവിശേഷ മാധുര്യം തിരിച്ചറിഞ്ഞ സംഗീത സംവിധായകർ രാജയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമാ ഗാനങ്ങളിലൂടെ അദ്ദേഹം അതിവേഗം പ്രശസ്തിയിലേക്ക് കുതിച്ചു. 1952-ൽ 'വിശപ്പിന്റെ വിളി' എന്ന മലയാള സിനിമയിൽ പ്രേം നസീറിനായി പാടിയ ഗാനത്തിലൂടെയാണ് എ. എം. രാജ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് അനേകം മധുരഗാനങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. പഴയ തലമുറ ഇന്നും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒട്ടേറെ ഗാനങ്ങൾ രാജയുടേതായിട്ടുണ്ട്.

മലയാള സിനിമയിലെ അവിസ്മരണീയ ഗാനങ്ങൾ

ഉദയായുടെ 'ഭാര്യ' എന്ന സിനിമയിലെ, "പെരിയാറേ.. പെരിയാറെ.. പർവത നിരയുടെ പനിനീരെ.. കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ.." എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഈ ഗാനത്തിന്റെ വശ്യചാരുതയും ആലാപന സൗന്ദര്യവും ഭാവശോഭയും എ. എം. രാജയെ മലയാള സിനിമയുടെ പ്രിയങ്കരനാക്കി മാറ്റി. മലയാള പദങ്ങളുടെ ഉച്ചാരണ ശുദ്ധിയിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ വ്യക്തമാകും. അതുതന്നെയാണ് അദ്ദേഹത്തെ 'സ്വരസൗകുമാര്യത്തിന്റെ രാജകുമാരൻ' ആക്കി മാറ്റിയത്.

'മണവാട്ടി' എന്ന സിനിമയിലെ "ദേവദാരു പൂത്ത നാളൊരു ദേവകുമാരിയെ കണ്ടു ഞാൻ, വേദനയിൽ അമൃത് തൂകിയ ദേവകുമാരിയെ കണ്ടു ഞാൻ..." എന്ന ഗാനവും രാജയുടെ മാസ്മരിക ശബ്ദത്തിൽ തിളങ്ങി. പി. ലീലയോടൊപ്പം ചേർന്ന് അദ്ദേഹം ആലപിച്ച തമിഴ് സിനിമയായ 'മിസ്സിയമ്മ'യിലെ "വാരായോ വെണ്ണിലാവേ, കേളായോ ഞങ്ങൾ കഥയെ..." എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു.

1960-ൽ ഉദയയുടെ 'ഉമ്മ' എന്ന സിനിമയിൽ പി. ലീലയോടൊപ്പം പാടിയ "എൻ കണ്ണിന്റെ കടവിലടുത്താൽ കാണുന്ന കൊട്ടാരത്തിൽ പ്രാണന്റെ നാട് ഭരിക്കണ സുൽത്താനുണ്ട്..." എന്ന ഗാനം, അതുപോലെ അതേ സിനിമയിലെ "പാലാണ് തേനാണെൻ ഖൽബിലെ പൈങ്കിളിക്കു പഞ്ചാര കുഴമ്പാണ് നീ എൻ സൈനബ..." എന്നീ ഗാനങ്ങളും മലയാളികൾ നെഞ്ചേറ്റി. 'ഓമനക്കുട്ടൻ' എന്ന സിനിമയിലെ "ആകാശ ഗംഗയുടെ കരയിൽ... അശോക വനിയിൽ... ആരെ യാരെ തേടി വരുന്നു വസന്ത പൗർണമി നീ..." എന്ന ആർദ്രഗാനവും ശ്രദ്ധേയമാണ്.

1962-ൽ ഉദയ നിർമ്മിച്ച 'ഭാര്യ' എന്ന സിനിമയിലെ ഏറെ ജനപ്രിയമായ "മനസ്സമ്മതം തന്നാട്ടെ.. മധുരം കിള്ളി തന്നാട്ടെ.. മനസ്സിന്റെ പന്തലിലെ വിരുന്നുകാരാ..." എന്ന ഗാനം രാജയും അദ്ദേഹത്തിന്റെ ഭാര്യ ജിക്കി കൃഷ്ണവേണിയും ചേർന്നാണ് ആലപിച്ചത്.

ദൈവത്തിന്റെ ഇരിപ്പിടം എവിടെയാണെന്ന് ഈ ദേവഗായകൻ നമുക്ക് പാടിത്തന്നത് 1965-ൽ പുറത്തിറങ്ങിയ 'ഓടയിൽ നിന്ന്' എന്ന സിനിമയിലെ "മാനത്തു ദൈവമില്ല... മണ്ണിലും ദൈവമില്ല മനസ്സിനുള്ളിലാണ് ദൈവം..." എന്ന ഗാനത്തിലൂടെയാണ്. 'കുപ്പിവള'യിലെ "കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ..." എന്ന വശ്യസുന്ദര ഗാനവും, അന്ധനായ പിതാവിന്റെ വേദന വെളിവാക്കുന്ന "കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ..." എന്ന മൃദുലമായ ഗാനവും അദ്ദേഹത്തിന്റെ ആലാപന വൈവിധ്യം വിളിച്ചോതുന്നു.

'ജയിൽ' എന്ന സിനിമയിലെ "കാറ്ററിയില്ല.. കടലറിയില്ല.. അലയും തിരയുടെ വേദന..." എന്ന വിഷാദമധുരമായ ഗാനം, പി. സുശീലയോടൊപ്പം 'കടലമ്മ' എന്ന സിനിമയിൽ പാടിയ "പാലാഴി കടവിൽ നീരാട്ടിനിറങ്ങിയ പാല പൂങ്കാവിലെ പൂനിലാവേ..." എന്ന ജനപ്രിയ ഗാനം, 'ഉണ്ണിയാർച്ച'യിലെ "അന്ന് നിന്റെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു..." എന്ന ഭാവസുന്ദര ഗാനം, 'പാലാട്ട് കോമൻ' എന്ന സിനിമയിലെ "ചന്ദന പല്ലക്കിൽ വീട് കാണാൻ വന്ന ഗന്ധർവ രാജകുമാരാ..." എന്നിവയെല്ലാം എ. എം. രാജയുടെ ശബ്ദത്തിൽ അനശ്വരമായി.

'സ്നേഹസീമ'യിലെ അതിമനോഹരമായ താരാട്ടു പാട്ടായ "കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നു മകളെ..." എന്ന ഗാനവും, 'റെബേക്ക'യിലെ "കിളി വാതിലിൽ മുട്ടി വിളിച്ചത് കിളിയോ.. കാറ്റോ... കിളിയല്ല കാറ്റല്ല.. കളിത്തോഴനാണു നിൻ കളിത്തോഴനാണല്ലോ..." എന്ന ഭാവസുന്ദര ഗാനവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

മലയാളികളെല്ലാം ഹൃദയത്തോട് ചേർത്തു നിർത്തിയ 'അടിമകൾ' എന്ന സിനിമയിലെ ഗാനങ്ങളും എ. എം. രാജയുടെ സംഭാവനയാണ്. അനുരാഗവിവശനായ സത്യൻ അഭിനയിച്ച "താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..." എന്ന ഗാനവും, "മാനസേശ്വരി.. മാപ്പു തരൂ മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പു തരൂ..." എന്ന ഗാനവും ഇന്നും ഓർമ്മകളിൽ തിളങ്ങിനിൽക്കുന്നു.

1970-ൽ 'ലോറ നീ എവിടെ' എന്ന സിനിമയിൽ ബി. വസന്തയോടൊപ്പം പാടിയ "കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ്..." എന്ന അതിമനോഹര ഗാനവും, 'കളിത്തോഴൻ' എന്ന സിനിമയിൽ എസ്. ജാനകിയോടൊപ്പം പാടിയ "നന്ദന വനിയിൽ.... പഞ്ചമി നാളിൽ... നന്ദന വനിയിൽ പ്രേമ നന്ദന വനിയിൽ പൂത്ത ചെമ്പക തണലിൽ..." എന്ന ഗാനവും ഏറെ പ്രശസ്തമാണ്. 'ദാഹം' എന്ന സിനിമയിലെ "ഏകാന്ത കാമുക നിൻ വഴിത്താരയിൽ ഏകാകിനിയായ് വരുന്നു ഞാൻ..." എന്ന ഗാനവും 'കസവു തട്ടം' എന്ന സിനിമയിലെ ജനകീയമായ "മയിൽ പീലി കണ്ണ് കൊണ്ടു ഖൽബിന്റെ കടലാസ്സിൽ മാപ്പിളപ്പാട്ട് കുറിച്ചവനെ.." എന്ന ഗാനവും അദ്ദേഹത്തിന്റെ ആലാപന വൈഭവത്തിന് ഉദാഹരണങ്ങളാണ്.

'ഭാര്യമാർ സൂക്ഷിക്കുക' എന്ന സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ "ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം... നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം..." എ. എം. രാജയുടെ മാസ്മരിക ശബ്ദത്തിൽ പിറന്നതാണ്.

സംഗീത സംവിധായകൻ, ആലാപനത്തിന്റെ പ്രത്യേകത

ഏകദേശം ഇരുപത് വർഷത്തോളം എ. എം. രാജ മലയാള സിനിമാ ഗാന രംഗത്ത് സജീവമായിരുന്നു. നൂറോളം ദക്ഷിണേന്ത്യൻ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. 'അമ്മ' എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. ആ സിനിമയിൽ അദ്ദേഹം തന്നെ പാടിയ "പട്ടും വളയും പാദസരവും പെണ്ണിന്നു പന്തലിൽ ആഭരണം....." എന്ന ഗാനം ശ്രദ്ധേയമാണ്.

എം. എസ്. ബാബുരാജ്, ദക്ഷിണാമൂർത്തി, ദേവരാജൻ, കെ. രാഘവൻ തുടങ്ങി മലയാളത്തിലെ ആദ്യകാല സംഗീത സംവിധായകർ പലരും എ. എം. രാജയുടെ സ്വരമാധുരി തങ്ങളുടെ ഗാനങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ മഹാനടനായ സത്യനു വേണ്ടിയായിരുന്നു അദ്ദേഹം കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. സൂക്ഷ്മ നിരീക്ഷണത്തിൽ സത്യന്റെ ശബ്ദം എ. എം. രാജയുടെ ശബ്ദത്തോട് വളരെ അടുത്തുനിൽക്കുന്നതായി കാണാം.

പഴയകാലത്തെ മിക്ക സിനിമകളുടെയും വലിയ വിജയത്തിനു പിന്നിൽ എ. എം. രാജയുടെ ശ്രുതിമധുരമായ ഗാനങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. മലയാള പദങ്ങളുടെ ഉച്ചാരണ ശുദ്ധി നിലനിർത്തുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. വേറിട്ട ശബ്ദമാധുരിയും ആലാപന സൗന്ദര്യവും ഭാവചാരുതയും നിറഞ്ഞൊഴുകിയ ഗാനങ്ങൾ ആലപിച്ച എ. എം. രാജ ഒരു ദേവഗായകനായി മാറിയത് ഈ സവിശേഷതകൾകൊണ്ടാണ്. അദ്ദേഹം പാടിയ ഗാനങ്ങളെല്ലാം തന്നെ ഭാവോജ്ജ്വലങ്ങളായ കല്ലോലിനികളാണ്, അവയെല്ലാം അനശ്വരമായി നിലനിൽക്കുന്നു.

തെലുങ്ക് ഭാഷയിൽ നിന്ന് മലയാളത്തിലെത്തി സിനിമാ ഗാനരംഗത്തെ സമ്പന്നമാക്കിയ എ. എം. രാജയെ പ്രബുദ്ധ കേരളം ഒരിക്കലും വിസ്മരിക്കാതിരിക്കട്ടെ. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed