അക്ഷരങ്ങളിലൂടെ അമരത്വം നേടിയ ഭാവഗായകൻ: ഒ.എൻ.വി. കുറുപ്പിന് പ്രണാമം


പി പി സുരേഷ്

മലയാള കവിതയെയും ചലച്ചിത്ര സംഗീതത്തെയും തന്റെ തൂലികാത്തുമ്പിലെ മാന്ത്രികത കൊണ്ട് ധന്യമാക്കിയ ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എൻ.വി. കുറുപ്പിന്റെ 95-ാം ജന്മവാർഷികമാണ് 2026 മെയ് 27-ന്. ജീവിതം തന്നെ സാഹിത്യ സപര്യയ്ക്കായി സമർപ്പിച്ച ആ മഹാപ്രതിഭയുടെ പാവന സ്മരണയ്ക്ക് മുന്നിൽ മലയാളക്കര ആദരാഞ്ജലികൾ അർപ്പിക്കുന്നു.

1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം, മലയാള സാഹിത്യത്തിലെ പദസൂര്യനായി മാറുകയായിരുന്നു. 2016 ഫെബ്രുവരി 13-ന് ആ ചൈതന്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും, അദ്ദേഹം കുറിച്ചിട്ട വരികൾ ഇന്നും ഓരോ മലയാളി ഹൃദയത്തിലും മരിക്കാതെ നിലനിൽക്കുന്നു.

കേരളത്തിലെ പ്രമുഖ കലാലയങ്ങളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ഒ.എൻ.വി. ഒരു തലമുറയുടെ തന്നെ സാംസ്കാരിക ദിശാസൂചിയായിരുന്നു. അധ്യാപനത്തോടൊപ്പം സാംസ്കാരിക മണ്ഡലങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരള കലാമണ്ഡലത്തിന്റെ ചെയർമാനായും പ്രവർത്തിച്ചു. രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചപ്പോൾ, ഭാരതത്തിലെ അത്യുന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠവും ആ തൂലികയെ തേടിയെത്തി.

ചെറിയ പ്രായത്തിൽ തന്നെ നാടക ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും അദ്ദേഹം ജനമനസ്സുകളിൽ ഇടംനേടി. കെ.പി.എ.സി.യുടെ 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി', 'മുടിയനായ പുത്രൻ' തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങൾ മലയാളിയുടെ സമരവീര്യത്തെയും പ്രണയത്തെയും ഒരുപോലെ ഉണർത്തി. "പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ", "വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ" തുടങ്ങിയ വരികൾ ഇന്നും നിത്യഹരിതമായി തുടരുന്നു.

ചലച്ചിത്ര സംഗീത ലോകത്ത് കവിതയുടെ സൗന്ദര്യം സന്നിവേശിപ്പിച്ച കവിയായിരുന്നു അദ്ദേഹം. 'കാട്ടുപൂക്കൾ' എന്ന സിനിമയിലെ "മാണിക്യവീണയുമായെൻ മനസ്സിന്റെ" എന്ന ഗാനം ഇന്നും ആസ്വാദകരെ മത്തുപിടിപ്പിക്കുന്നു. കുമാരനാശാന്റെ 'കരുണ' സിനിമയായപ്പോൾ അതിലെ ആശയ ഔന്നത്യം ചോർന്നുപോകാതെ ഒ.എൻ.വി. രചിച്ച "വാർത്തിങ്കൾ തോണിയേറി" എന്ന ഗാനം അദ്ദേഹത്തിന്റെ കാവ്യപ്രതിഭയ്ക്ക് ഉത്തമ ഉദാഹരണമാണ്. 'മദനോത്സവം', 'അക്ഷരങ്ങൾ', 'നീലക്കണ്ണുകൾ' തുടങ്ങി അനേകം ചിത്രങ്ങളിലെ വിഷാദമധുരമായ ഗാനങ്ങൾ എട്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു.

പ്രകൃതിയോടും മനുഷ്യത്വത്തോടും അങ്ങേയറ്റം ചേർന്നുനിന്ന കവിയായിരുന്നു ഒ.എൻ.വി. സൂര്യഗീതം, നിശാഗന്ധി, ഉപ്പ്, ഉജ്ജയിനി, ഭൂമിക്കൊരു ചരമഗീതം തുടങ്ങിയ കൃതികൾ തലമുറകളെ ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. ലളിത കോമള പദാവലികളിലൂടെ ഭാവസംപൂർണ്ണത വരുത്തുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തിന് ലഭിച്ച വലിയൊരു സമ്പത്താണ്. വയലാർ അവാർഡ്, ആശാൻ പ്രൈസ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങൾ ആ യശസ്സുയർത്തുന്നു. മലയാളമുള്ളിടത്തോളം കാലം ഒ.എൻ.വി. എന്ന പേരും ആ വരികളും നമ്മുടെ ഹൃദയങ്ങളിൽ മാറ്റൊലിക്കൊള്ളുക തന്നെ ചെയ്യും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed