മാർച്ച് 22, വീണ്ടുമൊരു ലോക ജലദിനം


ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായ ഘടകമാണ് ജലം. ജലത്തിന്റ പ്രധാന സ്രോതസ്സുകളാണ് നദികൾ. നാടിന്റെ ജീവനാഡികളായ നദികളെ ജലദേവതകളായി ആരാധിച്ചിരുന്നു ആർഷ ഭാരത സംസ്കാരത്തിൽ. നദികൾ ഉത്ഭവിക്കുന്നത് പർവതനിരകളിൽ നിന്നാണ്. അതിനാൽ പർവതങ്ങൾ എല്ലാം തന്നെ ആരാധിക്കപ്പെട്ടിരുന്നു ഭാരതത്തിൽ. ഇന്ന് അനുദിനം നദീജലവും വായുവും മലിനികരിക്കപ്പെടുന്നുണ്ട്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യ കൂമ്പാരങ്ങൾ എല്ലാം തന്നെ നദികളിൽ എത്തിച്ചേരുന്നു. നദീ ജലം അതോടെ വിഷമായി തീരുന്നു. പ്രാണ വായുവിന്റെ കുറവ് കാരണം ജലസസ്യങ്ങളും ജലജന്തുക്കളും കൂട്ടത്തോടെ നശിച്ചു പോകുന്നു. കേരളത്തിലെ 44 നദികളിലെല്ലാം തന്നെ ഈ ഭീഷണി നേരിടുന്നു. കോളിക് ബാക്റ്റീരിയ എന്ന അപകടകാരി ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിക്കു എത്രയോ മുകളിലാണ് നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ ഉള്ളത്.

നെൽ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഉപയോഗിച്ച കീടനാശിനികളുടെ വലിയ ഭാഗം നദികളിലും മറ്റു ജലാശയങ്ങളിലും എത്തിച്ചേരുന്നുണ്ട്. ഇത് അവിടെയുള്ള ആവാസ വ്യവസ്ഥ തകിടം മറിയാൻ ഇടയാക്കുന്നു. ഇക്കാരണത്താൽ ഉണ്ടാകുന്ന സൂക്ഷ്മ ജീവികളുടെ നാശം ആഹാര ശൃംഖലയുടെ സന്തുലിത അവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. മറ്റൊന്ന് അമിതമായ ജലചൂഷണമാണ്. കുഴൽ കിണറുകളിലൂടെ യാതൊരു നിയന്ത്രണവും ഇല്ലാതെ വലിച്ചെടുക്കുന്ന ജലം ഭൂമിക്കടിയിൽ ഗുരുതരമായ ആസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.വർധിച്ചു വരുന്ന വന നശികരണവും നഗരവത്കരണവും കാരണം ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ജലത്തിന്റെ അളവിൽ കുറവുണ്ടാകുന്നു. അതിനാൽ ഭൂമിക്കടിയിലെ ജലനിരപ്പ് വർഷം തോറും താണ് പോകുന്നു. ഇത് സമീപ പ്രദേശങ്ങളിലുള്ള കിണറുകളും മറ്റു ജലാശയങ്ങളും നേരത്തെ വറ്റി പോകാൻ ഇടയാകുന്നു. അതോടൊപ്പം നൈസർഗിക സസ്യജാലങ്ങൾ കൂട്ടത്തോടെ നശിക്കുകയും ചെയ്യുന്നു. ഒപ്പം ജലജന്യമായ രോഗങ്ങളും വർധിച്ചു വരുന്നു. മനുഷ്യരിലും മറ്റു ജീവികളിലും അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതൊക്കെ കാരണമാകുന്നുണ്ട്. നമ്മുടെ പശ്ചിമ ഘട്ടത്തിൽ മൂർദ്ധന്യ ദശയിലാണ് ഈ അവസ്ഥ. അതിന്റെ ഭാഗമായി വന്യ മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. 

മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കിയാൽ മാത്രമേ നദീജല സംരക്ഷണം സാധ്യമാവുകയുള്ളൂ. വികസന പ്രവർത്തനങ്ങൾ ശാസ്ത്രീയ മായി മാത്രം നടത്തേണ്ടതാണ്. കരിയിലകൾ കത്തിച്ചു കളയാതെ കുഴിച്ചു മൂടണം. സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ത്വാരിതപെടുത്താനും താപനില വർധിക്കുന്നത് തടയാനും ഇത് ഉപകരിക്കും. മണ്ണിന്റെ ജല ലഭ്യതയും പോഷണവും ഇതുവഴി വർധിപ്പിക്കാം. കരിയിലകൾ കൃഷിയിടങ്ങളിൽ നിരത്തിയാൽ ജലബാഷ്പീകരണം നിയന്ത്രിക്കാൻ കഴിയും. അതോടൊപ്പം മണ്ണൊലിപ്പും തടയാം. മലഞ്ചരിവുകളിൽ കൃഷിയിടത്തിൽ വേര് പടലം കൂടുതലുള്ള ചെടികൾ നട്ടാൽ മണ്ണൊലിപ്പ് തടയാം. ഇന്ന് നാം നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ തരണം ചെയ്യാൻ ഈ മാർഗളെല്ലാം നടപ്പാക്കിയേ തീരൂ. വലിയ തോതിലുള്ള ബോധവത്കരണം കൊണ്ട് മാത്രമേ ഇതിനു അല്പമെങ്കിലും പരിഹാരം കാണാൻ കഴിയുകയുള്ളു. അതിന് നാം ഓരോരുത്തരും മുൻകൈ എടുത്ത് അത് നിർവഹിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ മാത്രമേ ജലദിനം ആചരിക്കുന്നതിൽ അർത്ഥം ഉള്ളൂ. സുഗത കുമാരി ടീച്ചറും ഓ. എൻ . വി. കുറുപ്പ് സാറും മറ്റു പരിസ്ഥിതി പ്രവർത്തകരും വർഷങ്ങൾക്ക് മുൻപെ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. ഇനിയും വൈകാതെ ഈ ലോക ജലദിനത്തിൽ നമുക്ക് അതിനായി പ്രതിജ്ഞ ചെയ്യാം. വരും തലമുറയ്ക്കായി പ്രയോഗികമായ ഇത്തരം ക്ഷേമ പ്രവർത്തനങ്ങളിൽ നമുക്ക് കൈ കോർക്കാം.

 ✍️ പി പി സുരേഷ്

You might also like

Most Viewed