കള്ളപ്പണത്തെ ചെറുക്കാൻ പുതിയ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യു.എ.ഇ

ദുബൈ: പുതിയ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യു.എ.ഇ. അന്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ നോട്ട് പുറത്തിറക്കിയിരിക്കുന്നത്. പുതിയ 50 ദിർഹത്തിന്റെ നോട്ടിന്റെ വലതുവശത്ത് ഷെയ്ഖ് സായിദിന്റെ വലിയ ചിത്രവും യൂണിയൻ ആയ ശേഷം വിവിധ എമിറേറ്റ്‌സിലെ ഭരണാധികാരികൾ ദേശീയ പതാകയ്‌ക്ക് കീഴെ നിൽക്കുന്ന ചിത്രവുമാണ് പതിച്ചിരിക്കുന്നത്.
രക്തസാക്ഷി സ്മാരകമായ വാഹത് അൽ കറാമയുടെ ചിത്രം ഇടതുവശത്തായും കാണാം. നോട്ടിന്റെ മറുഭാഗത്ത് ഷെയ്ഖ് സായിദിന്റെ ചിത്രവും കൂടാതെ, യുഎഇ രൂപീകരണത്തിന് സാക്ഷിയായ എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവുമുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതിയ നോട്ട് ഉടൻ തന്നെ എടിഎമ്മുകളിൽ ലഭ്യമാകും. നിലവിലെ 50 ദിർഹത്തിന്റെന്റെ നോട്ട് സാധുവായി തന്നെ തുടരും. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും പുതിയ നോട്ടിലുണ്ട്. കാഴ്ച വൈകൽയമുള്ള ഉപഭോക്താക്കൾക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സെൻട്രൽ ബാങ്ക് ബ്രെയിൽ ലിപിയിൽ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്. പോളിമർ ഉപയോഗിച്ച് നിർമിച്ച ആദ്യത്ത നോട്ടും ഇത് തന്നെയാണ്.