മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത രൂക്ഷം. സമരം പിൻവലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഇന്നും സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നീറ്റ് പിജി അലോട്ട്മെന്‍റ് വൈകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ സമരം നടത്തിയത്.
സമരക്കാരുമായി ചൊവ്വാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചർച്ചയിൽ തന്നത് വാക്കാലുള്ള ഉറപ്പുകൾ മാത്രമാണെന്നും, രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നുമാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ പറയുന്നത്. എന്നാൽ രണ്ട് ദിവസത്തിനകം സർക്കാർ ഉത്തരവിറക്കിയാൽ മാത്രം തുടർസമരം മതിയെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.