യുഎഇയിൽ ഗോൾഡൻ വിസ അപേക്ഷിച്ചവർക്ക് ആറ് മാസത്തെ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം
ദുബായ്: ഗോൾഡൻ വിസ അപേക്ഷിച്ചവർക്ക് ആറ് മാസത്തെ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാനുള്ള അവസരം നൽകുന്നത്. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും വിദ്യാർത്‍ഥികൾക്കും യുഎഇ നൽകുന്ന വിസയാണ് ഗോൾഡൻ വിസ.
ഗോൾഡൻ റെസിഡൻസി അപേക്ഷയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപ്പിൾ എന്‍ട്രി സൗകര്യത്തോടെ ആറ് മാസത്തെ വിസ അനുവദിക്കുന്നതെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചു. 11,50 ദിർഹമാണ് വിസയുടെ ചെലവ്.
നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കല− സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവർ, കായിക താരങ്ങൾ, പിഎച്ച്ഡിക്കാർ, ഹൈസ്‌കൂൾ− യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ എന്നിവർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. അഞ്ച്, പത്ത് വർഷങ്ങളാണ് ഗോൾഡൻ വിസയുടെ കാലാവധി. ഈ വിസ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് യുഎഇയിലെത്താനാണ് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നത്.

