യുഎഇയിൽ ദിവസത്തേക്കോ മണിക്കൂറുകൾക്ക് മാത്രമായോ ഗാർഹിക തൊഴിലാളികളെ ലഭ്യമാകുന്ന സേവനം തടഞ്ഞു
അബുദാബി: യുഎഇയിൽ ദിവസത്തേക്കോ മണിക്കൂറുകൾക്ക് മാത്രമായോ ഗാർഹിക തൊഴിലാളികളെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം തടഞ്ഞു. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനായി ഗാർഹിക തൊഴിലാളികളെ നിയമിക്കാം. ഇതിനിടയിൽ മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് വിടാൻ പാടില്ല. കൊവിഡ് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.
സേവനത്തിന് എത്തിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയതിന് ശേഷം മാത്രമെ വീട്ടുജോലിക്കാരെ നിയമിക്കാവൂ. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ നിർത്തലാക്കി യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമനം പൂർണമായും തദ്ബീർ കേന്ദ്രങ്ങൾ വഴിയാക്കിയിരുന്നു. ഈ മാസം മുതൽ പൂർണമായും തദ്ബീർ കേന്ദ്രങ്ങൾ വഴി മാത്രമെ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്ന് അധികൃതർ അറിയിച്ചിരുന്നു. യുഎഇയിൽ തദ്ബീർ റിക്രൂട്ടിങ് കേന്ദ്രത്തിന് കീഴിൽ 54 ശാഖകളുണ്ട്. തൊഴിലുടമകളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

