മരണാനന്തര സംസ്‌കാര നടപടികൾ സംബന്ധിച്ച പുതിയ കരട് നിയമത്തിന് യുഎഇയിൽ അംഗീകാരം
അബുദാബി: മരണാനന്തര, സംസ്‌കാര നടപടികൾ സംബന്ധിച്ച പുതിയ കരട് നിയമത്തിന് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ(എഫ്എൻസി) അംഗീകാരം നൽകി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്‌കരിക്കുക എന്നിവ ഉൾപ്പെടെ മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതിയ കരട് നിയമത്തിലുണ്ട്.
നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കും. എഫ്.എൻ.സി സ്പീക്കർ സഖർ ഗോബാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. രാജ്യത്തെ ശ്മശാനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം തടവോ 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കും. അധികൃതർ നിശ്ചയിച്ച സ്ഥലത്തല്ലാതെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം തയ്യാറാക്കുന്നവർക്ക് ഒരു വർഷം തടവും 20,000 ദിർഹം വരെ പിഴയും ലഭിക്കും.
യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകാനോ മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് മൃതദേഹം കൊണ്ടുവരാനോ അനുമതി വേണം. നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ലഭിക്കാം. മൃതദേഹം സംസ്‌കരിച്ച സ്ഥലമോ ശ്മശാനമോ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവുമാണ് ശിക്ഷ. ശ്മശാന സ്ഥലത്ത് കെട്ടിടം നിർമ്മിക്കുകയോ സെമിത്തേരിയിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതും പെർമിറ്റ് ലഭിക്കാതെ രാജ്യത്ത് മൃതദേഹം കൊണ്ടുവരുന്നതും ശിക്ഷാർഹമാണ്.

