ഗസ്സ വെടിനിർത്തൽ: ചർച്ചകൾക്കായി ഹമാസ് നേതാവ് ഈജിപ്തിലേക്ക്
ഷീബ വിജയൻ
ഗസ്സയിലെ വെടിനിർത്തലും സമാധാന പദ്ധതിയും സംബന്ധിച്ച ചർച്ചകൾക്കായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കെയ്‌റോയിലേക്ക് യാത്ര തിരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി ജാരഡ് കുഷ്‌നർ പശ്ചിമേഷ്യയിൽ സന്ദർശനം നടത്താനിരിക്കെയാണ് അൽ ഹയ്യയുടെ ഈജിപ്ത് യാത്ര. ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷമുള്ള അൽ ഹയ്യയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ റഷാദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഗസ്സ സമാധാന പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾ കുറക്കുന്നതിനായി കുഷ്‌നർ അടുത്ത ആഴ്ച ഇസ്രായേലും ഈജിപ്തും സന്ദർശിക്കും. കുഷ്‌നറിനൊപ്പം ഗസ്സക്കായുള്ള ബോർഡ് ഓഫ് പീസിന്റെ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവും ഉണ്ടാകും. ഹമാസിന്റെ പക്കലുള്ള ആയുധങ്ങൾ പുതിയ ഫലസ്തീൻ ഭരണസമിതിക്ക് കൈമാറാൻ സമ്മതിച്ചതടക്കം 15 ഇന പദ്ധതിയാണ് നിലവിലെ ചർച്ചകളുടെ പ്രധാന പശ്ചാത്തലം. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഈ പദ്ധതി പരസ്യമായി തള്ളിയിരുന്നു.
നെതന്യാഹുവും അദ്ദേഹത്തിന്റെ ഭരണകൂടവും പദ്ധതിയിൽ ഉറച്ചുനിൽക്കാൻ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും സമ്മർദം ചെലുത്തണമെന്നാണ് ഹമാസിന്റെ ആവശ്യം. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച വിവിധ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മേനെ്ിേ്ി്ി

