കോവിഡ് സംബന്ധിച്ച് വ്യാജ വാർത്ത: യുഎഇയിൽ രണ്ട് പേർ അറസ്റ്റിൽ
ദുബൈ: കൊവിഡ് 19 ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ യു.എ.ഇയിൽ അറസ്റ്റിലായി. ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ചാനലിൽ പ്രവർത്തിച്ചിരുന്ന രണ്ട് പേരാണ് പിടിയിലായത്. വാർത്ത നൽകാനിടയായ സാഹചര്യവും യഥാർത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡിനെകുറിച്ച് വ്യാജവിവരങ്ങൾ പങ്കിടുന്നത് കുറ്റകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

