ദുബൈയിൽ ഇന്ത്യൻ ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ദുബൈ: ദുബൈയിൽ ഇന്ത്യൻ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള ഹിരൻ ആദിയ, വിധി ആദിയ എന്നിവരാണ് മരിച്ചത്. അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയിൽ ഈ മാസം 18നായിരുന്നു സംഭവമെന്ന് അധികൃതർ പറഞ്ഞു.
കവർച്ചക്കാർ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു. ദമ്പതികളുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ പിന്നീട് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഷാർജ ആസ്ഥാനമാക്കി ബിസിനസ് നടത്തിവരികയായിരുന്നു ഹിരൻ ആദിയയും വിധി ആദിയയും. ദമ്പതികൾക്ക് 18, 13 വയസുള്ള പെൺമക്കളുണ്ട്. ഇപ്പോൾ ബന്ധുക്കളുടെ കൂടെ താമസിക്കുന്ന ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് വിപുൽ അറിയിച്ചു.
എന്നാൽ, ദുബൈ പൊലീസ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

