ഷാർജയിൽ പഴയ കെട്ടിടങ്ങളിലെ ക്ലാഡിങ് മാറ്റാൻ നിർദേശം


ഷാർജ: ഷാർജയിലെ എല്ലാ പഴയ കെട്ടിടങ്ങളിലെയും അലുമിനിയം ക്ലാഡിങ് അടിയന്തരമായി മാറ്റാൻ നഗരസഭാ നിർദേശം. അൽ നഹ്ദയിലെ ബഹുനില താമസ മന്ദിരത്തിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വൻ അഗ്നിബാധയെ തുടർന്നാണ് തീരുമാനം. നിലവാരം കുറഞ്ഞ ക്ലാഡിങ്ങാണു ദുരന്തവ്യാപ്തി കൂട്ടിയതെന്നു കണ്ടെത്തിയിരുന്നു. പഴയ കെട്ടിടങ്ങളിലെ ക്ലാഡിങ്ങിനു പുറമെ മുൻഭാഗത്തു മോടികൂട്ടാൻ ഉപയോഗിക്കുന്ന സാമഗ്രികളും ഉടനടി നീക്കം ചെയ്ത് നിലവാരമുള്ളവ സ്ഥാപിക്കണമെന്നാണു നിർദേശം. 23 മീറ്ററിൽ കൂടുതൽ ഉയരമുള്ള ( 7 നില) കെട്ടിടങ്ങളിൽ അലുമിനിയം ക്ലാഡിങ് പാടില്ല. കെട്ടിടങ്ങളിൽ അഗ്നിപ്രതിരോധ സംവിധാനങ്ങളുണ്ടോയെന്നു കണ്ടെത്താനും വരുംദിവസങ്ങളിൽ പരിശോധന നടത്തും. കെട്ടിടങ്ങളുടെ മോടി കൂട്ടാനും സുരക്ഷിതത്വത്തിനും ആവരണം പോലെ ഉപയോഗിക്കുന്ന ക്ലാഡിങ് നിലവാരം ഇല്ലാത്തതാണെങ്കിൽ വിപരീത ഫലമുണ്ടാക്കുമെന്നു മുൻകാല സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. തുടർന്ന് കെട്ടിട നിർമാണ ചട്ടങ്ങൾ കർശനമാക്കുകയും നിർമാണ സാമഗ്രികളുടെ നിലവാരം ഉറപ്പാക്കാൻ പരിശോധന ഊർജിതമാക്കുകയും ചെയ്തിരുന്നു. തീ പടരാത്ത നിർമാണ സാമഗ്രികളാണു പുതിയ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്നതെങ്കിലും പഴയ പല കെട്ടിടങ്ങളിലും മാറ്റം വരുത്തിയിട്ടില്ല. അലുമിനിയമോ ഇതു മുഖ്യഘടകമോ ആയ ക്ലാഡിങ് 2017 ലാണ് ഷാർജയിൽ നിരോധിച്ചത്. ഇതര എമിറേറ്റുകളിലും ഇവ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

സ്മാർട് പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചു തുടങ്ങിയതോടെയാണ് യുഎഇയിലെ പാർപ്പിട-വ്യാപാര കേന്ദ്രങ്ങളിൽ തീപിടിത്തങ്ങൾ കുറഞ്ഞത്. ഏതെങ്കിലും കെട്ടിടത്തിൽ തീയോ പുകയോ പടർന്നാൽ ഉടൻ അലാം റിസീവിങ് സെന്ററിൽ (എആർസി) വിവരമെത്തുന്ന സംവിധാനം ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ നടപ്പാക്കി വരുകയാണ്. അപകടമുണ്ടായ സ്ഥലം, അപകടവ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിക്കാനും അടുത്തുള്ള സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനും കഴിയുമെന്നതാണ് 'ഹസൻതുക്' എന്ന സംവിധാനത്തിന്റെ നേട്ടം. 2021 ആകുമ്പോഴേക്കും ദുബായിൽ 1.5 ലക്ഷം കെട്ടിടങ്ങളിൽ ഇതു നടപ്പാക്കും.

'അലാം ട്രാൻസ്മിഷൻ എക്യുപ്മെന്റ്' എന്ന ഉപകരണം പഴയ കെട്ടിടങ്ങളിലും സ്ഥാപിക്കാം. നിർമിതബുദ്ധി ഉപയോഗിച്ചു രാവും പകലും പ്രവർത്തിക്കുന്ന സ്മാർട് ശൃംഖലയാണിത്. ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ ഉടൻ അപായമണി മുഴക്കി താമസക്കാർക്കു മുന്നറിയിപ്പു നൽകുന്നു.തുടർന്ന് അലാം റിസീവിങ് സെന്ററിൽ (എആർസി) സന്ദേശമെത്തുന്നു. അപകടമുണ്ടായ കെട്ടിടത്തിന്റെ ഉടമകളുടെയോ ഹസൻതുകിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പരുകളിലേക്കോ എആർസിയിൽ നിന്നു വിളിയെത്തും. സംഭവം സ്ഥിരീകരിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണിത്.

സെക്കൻഡുകൾക്കുള്ളിൽ ഇതെല്ലാം പൂർത്തിയാകും.തത്സമയം പൊലീസ്, സിവിൽ ഡിഫൻസ് കേന്ദ്രങ്ങളിലേക്കു സന്ദേശം പായും. സിവിൽ ഡിഫൻസ് യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed