ബഹ്റൈനിൽ പ്രവചനങ്ങൾ തെറ്റിച്ച് അപ്രതീക്ഷിത മഴ: പ്രാദേശിക അന്തരീക്ഷ വ്യതിയാനമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


പ്രദീപ് പുറവങ്കര

മനാമ: കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിച്ച് ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിത മഴ പെയ്തു. തിങ്കളാഴ്ച രാവിലെയോടെ രൂപപ്പെട്ട പ്രാദേശിക ഇടിമിന്നൽ മേഘങ്ങളാണ് രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തേക്ക് മഴ എത്തിച്ചതെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് വ്യക്തമാക്കി.

മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ലെന്നായിരുന്നു ഡയറക്ടറേറ്റിന്റെ മുൻകൂട്ടിയുള്ള പ്രവചനം. എന്നാൽ അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ അസ്ഥിരതയും ഈർപ്പത്തിന്റെ വർദ്ധനവും പ്രാദേശികമായി 'കുമുലസ്' മേഘങ്ങൾ രൂപപ്പെടുന്നതിന് വഴിവെക്കുകയായിരുന്നു. വളരെ പെട്ടെന്ന് രൂപംകൊണ്ട തണ്ടർസ്റ്റോം സെല്ലുകൾ അത്രതന്നെ വേഗത്തിൽ വിഘടിച്ച് മാറുകയും ചെയ്തു.

അറബ് മേഖലയിലെ വരണ്ട മരുഭൂമി കാലാവസ്ഥ കാരണം ബഹ്റൈനിൽ ഇത്തരം പ്രതിഭാസങ്ങൾ അപൂർവ്വമാണ്. പ്രതിവർഷം ശരാശരി 100 മില്ലീമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന രാജ്യത്ത് സാധാരണയായി ശൈത്യകാലത്തോ, മാർച്ച് അവസാന വാരം മുതൽ മേയ് പകുതി വരെ നീളുന്ന 'സരായത്ത്' കാലഘട്ടത്തിലോ ആണ് ഇത്തരം ശക്തമായ പ്രാദേശിക മേഘരൂപീകരണം കണ്ടുവരാറുള്ളത്.

അതേസമയം, വരും ദിവസങ്ങളിൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥ തുടരും. പകൽ സമയങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസും രാത്രിയിൽ കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരിക്കും. മണിക്കൂറിൽ 5 മുതൽ 15 നോട്ട് വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed