കാർ ഡെലിവറി സേവനങ്ങൾ ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബഹ്റൈൻ പാർലമെന്റിൽ നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: കാർ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾ ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യണമെന്ന നിർദ്ദേശത്തിന് പാർലമെന്റിന്റെ ഏകകണ്ഠമായ അംഗീകാരം. അതേസമയം, മോട്ടോർസൈക്കിൾ ഡെലിവറികൾ വിദേശ തൊഴിലാളികൾക്കും പൗരന്മാർക്കും ഒരുപോലെ തുടരാൻ അനുവദിക്കാമെന്നും പാർലമെന്റിൽ അവതരിപ്പിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഡെലിവറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം പെട്ടെന്ന് വളർന്നുവരുന്ന ഈ മേഖലയിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്പീക്കർ അഹ്മദ് അൽ മുസല്ലമാണ് ഈ തൊഴിൽ വിഭജന നിർദ്ദേശം മുന്നോട്ടുവെച്ചത്. പുതിയ മോട്ടോർസൈക്കിൾ ഡെലിവറി ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും പുതിയ നിയമങ്ങൾ നടപ്പിലാകുന്നതുവരെ ഇത് തുടരണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ഈ ഭഭേദഗതി വരുത്തിയ നിർദ്ദേശം കൂടുതൽ പരിശോധനയ്ക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്നുനൽകാൻ ഇത് സഹായിക്കുമെന്നും, കർശനമായ സുരക്ഷാ വ്യവസ്ഥകളോടെ മോട്ടോർസൈക്കിൾ ഡെലിവറികൾ അനുവദിക്കാമെന്നും സ്പീക്കർ ചൂണ്ടിക്കാണിച്ചു. ഡ്രൈവർമാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധിത ആരോഗ്യ പരിശോധനകളും മെഡിക്കൽ പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ ഉൾപ്പെടെ പ്രതിമാസം 500 മുതൽ 800 ദിനാർ വരെ സമ്പാദിക്കാൻ കഴിയുന്ന ഡെലിവറി ജോലി സ്വദേശികൾക്ക് മികച്ച വരുമാനമാർഗ്ഗമാകുമെന്ന് നിർദ്ദേശം സമർപ്പിച്ച എംപി മുഹമ്മദ് ജനാഹി അഭിപ്രായപ്പെട്ടു. 'തംകീൻ' വഴിയുള്ള സഹായങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തൊഴിലവസരങ്ങൾക്കപ്പുറം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തിൽ ശക്തമായി ഉയർന്നു വന്നു. അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുന്നതും കാരണം റോഡുകളിൽ അപകടങ്ങൾ വർദ്ധിക്കുകയാണെന്ന് എംപിമാർ ചൂണ്ടിക്കാണിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023ൽ 4 പേർ മരിച്ച സ്ഥാനത്ത് 2024ൽ 7 ഡെലിവറി മോട്ടോർസൈക്കിൾ യാത്രികരാണ് റോഡപകടങ്ങളിൽ ജീവൻ വെടിഞ്ഞത്.
ലൈസൻസ് നൽകുന്ന കാര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പരസ്പരം ഉത്തരവാദിത്തം മാറ്റിവെക്കുകയാണെന്ന് എംപി ഇമാൻ ശുവൈതിർ വിമർശിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം റോഡുകളിൽ ഡെലിവറി ബൈക്കുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും കൃത്യമായ സമയക്രമവും നിയമങ്ങളും നടപ്പിലാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
ഗതാഗത നിയമങ്ങളുടെ പരിധിയിൽ ഡെലിവറി സേവനങ്ങൾ വരുന്നില്ലെങ്കിലും, വ്യവസായ-വാണിജ്യ മന്ത്രാലയവുമായും ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായും ചേർന്ന് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഡ്രാഫ്റ്റ് തയ്യാറാക്കിവരികയാണെന്ന് ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ ലൈസൻസിങ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ഈ താൽക്കാലിക വിലക്ക് സഹായിക്കുമെന്നാണ് എംപിമാരുടെ വിലയിരുത്തൽ.
gdgf

