ബഹ്റൈൻ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താൻ ധാരണ; ഫ്രഞ്ച് പ്രസിഡന്റും ബഹ്റൈൻ രാജാവും കൂടികാഴ്ച്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: പ്രദേശത്ത് അസ്ഥിരമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഫ്രാൻസുമായുള്ള ചരിത്രപരമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ബഹ്റൈൻ ധാരണയായി. സന്ദർശനാർത്ഥം എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ ഔദ്യോഗിക ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. സിവിലിയൻ ആണവ പരിപാടി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രവും (MoU) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരെയുള്ള അനുചിതമായ ആക്രമണങ്ങൾ നിറഞ്ഞ സംവേദനക്ഷമതയേറിയ സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനമെന്ന് രാജാവ് ചൂണ്ടിക്കാട്ടി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ബഹ്റൈന്റെ പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. സമുദ്രപാതകളുടെ സംരക്ഷണം, പ്രാദേശിക സ്ഥിരത, ലെബനൻ-സിറിയ വിഷയങ്ങളിലെ ഫ്രാൻസിന്റെ ഇടപെടലുകൾ എന്നിവയെ രാജാവ് അഭിനന്ദിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ താൻ ഫ്രാൻസ് സന്ദർശിച്ച വേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാർ ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണെന്ന് രാജാവ് വിശേഷിപ്പിച്ചു. സുരക്ഷ, ഊർജ്ജം, സാങ്കേതികവിദ്യ, വ്യാപാരം, ഗതാഗതം (ജി.സി.സി റെയിൽവേ പദ്ധതി ഉൾപ്പെടെ) തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള സംയുക്ത പദ്ധതികൾക്ക് ഈ കരാർ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ മാനിച്ച് പ്രസിഡന്റ് മാക്രോളിന് ‘കോളർ ഓഫ് ദി ഓർഡർ ഓഫ് ഷെയ്ഖ് ഇസാ ബിൻ സൽമാൻ അൽ ഖലീഫ - എക്സെപ്ഷണൽ ക്ലാസ്’ പുരസ്കാരം നൽകി ആദരിച്ചു.
ആറ് മാസത്തിനുള്ളിൽ ഫ്രാൻസിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാക്രോൺ നടത്തുന്ന അവസാന പ്രധാന ഗൾഫ് സന്ദർശനങ്ങളിൽ ഒന്നാണിത്. ചർച്ചകൾക്ക് ശേഷം ഔദ്യോഗിക വിരുന്നിലും ഫ്രഞ്ച് പ്രസിഡണ്ട് പങ്കെടുത്തു.
sdsdf

