ആരോഗ്യവകുപ്പിൽ കടുത്ത ജീവനക്കാരുടെ ക്ഷാമം: 746 പേർ ദീർഘകാല അവധിയിൽ; 352 പേർക്ക് പിരിച്ചുവിടൽ
ശാരിക
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധി രൂക്ഷമാകുമ്പോഴും നൂറുകണക്കിന് ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോകുന്നതായി റിപ്പോർട്ട്. വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതനുസരിച്ച്, 746 ജീവനക്കാരാണ് നിലവിൽ അവധിയെടുത്ത് വിദേശത്തു കഴിയുന്നത്. ഇതിൽ വലിയൊരു പങ്കും നഴ്സിംഗ് ഓഫീസർമാരാണ്.
ഉദ്യോഗസ്ഥരുടെ ദൗർലഭ്യവും അനധികൃത അവധിയും കാരണം നിരവധി സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താറുമാറായിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 352 ആരോഗ്യ പ്രവർത്തകരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും രേഖകൾ കാണിക്കുന്നു.
662 നേഴ്സിങ് ഓഫീസർമാരും 19 ജൂനിയർ നേഴ്സുമാരും 37 മെഡിക്കൽ ഓഫീസർമാരുമാണ് പ്രധാനമായും ലീവെടുത്തിട്ടുള്ളത്. ഇവരെക്കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡെന്റൽ ഹൈജീനിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങിയ ജീവനക്കാരും വിദേശത്തേക്ക് പോയവരുടെ കൂട്ടത്തിലുണ്ട്.
ജോലിക്ക് സ്ഥിരമായി ഹാജരാകാതിരുന്നതിനെ തുടർന്ന് 336 അസിസ്റ്റന്റ് സർജന്മാരെ സർവീസിൽ നിന്ന് നീക്കംചെയ്തു. ഇതിൽ രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും ഉൾപ്പെടുന്നു. കൂടാതെ വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 14 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.
രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് 430 പേർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും നൂറിനടുത്ത് ഡോക്ടർമാർ മാത്രമാണ് സർവീസിൽ പ്രവേശിക്കാൻ തയ്യാറായത്.
ഉപരിപഠനത്തിനും തൊഴിൽ ആവശ്യങ്ങൾക്കുമായി ജീവനക്കാർക്ക് അഞ്ച് വർഷം വരെ ദീർഘകാല ലീവ് അനുവദിക്കാറുണ്ട്. എന്നാൽ, ഇത്രയധികം പേർ ഒരേസമയം വിദേശത്തേക്ക് കടന്നത് ആശുപത്രികളുടെ ദൈനംദിന സേവനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായി താറുമാറായെന്ന് കഴിഞ്ഞ നാല് മാസമായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക വിവരാവകാശ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
bcvbcb

