ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് അബ്ബാസ് അരാഗ്ചി
ശാരിക
തെഹ്‌റാന്‍: ഇറാന്റെ നിബന്ധനകള്‍ യുഎസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ സൈനിക തയ്യാറെടുപ്പുകളിലുമാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ആവശ്യം, നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ യുഎസ് പാലിക്കുക എന്നതാണ്. അവ പാലിച്ചുകഴിച്ചാല്‍ മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാം. ആണവപ്രശ്നം ഒരു ഒഴികഴിവ് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്ക എതിര്‍ക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ഇറാന്റെ പ്രത്യശാസ്ത്രത്തെയാണ്,' എന്നും അരാഗ്ചി പറഞ്ഞു. യുദ്ധത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയില്ലെന്ന് അമേരിക്കക്ക് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, തെഹ്‌റാനിലെത്തിയ പാക് പട്ടാള മേധാവി അസിം മുനീര്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപാധികള്‍ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഈ ചര്‍ച്ചയില്‍ ഇറാന്‍ നിലപാട് കടുപ്പിച്ചു.
എന്നാല്‍, ഇറാനുമായി സമാധാന കരാറിലെത്തുകയെന്നത് അങ്ങേയറ്റം ദുഷ്‌കരമാണെന്നാണ് യുഎസിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
ഇറാനില്‍ വിജയം കൈവരിക്കാന്‍ ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ ഇനി അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പെട്രോള്‍ വില ഉടന്‍ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും തങ്ങള്‍ക്ക് ആരുടെ സഹായവും ആവശ്യമില്ലെന്നും വ്യക്തമാക്കിയ ട്രംപ്, ശക്തമായ തുടര്‍നീക്കങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന്‍ ഭരണകൂടത്തെ ഇല്ലാതാക്കാന്‍ താനും ട്രംപും പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.
ഇതിനിടയിൽ, ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് എണ്ണക്കപ്പലുകള്‍ കടല്‍ മൈനുകളില്‍ ഇടിച്ച് തീപിടിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചെങ്കിലും, പ്രസ്തുത വാര്‍ത്തകള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
sdasdff

