ടൈഗർ ഷ്രോഫിന് നേറെയുള്ള വെടിവെപ്പ്: യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാനെന്ന് മുംബൈ പൊലീസ്


ശാരിക

മുംബൈ: ടൈഗര്‍ ഷ്രോഫിനെ വെടിവെച്ചവര്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചത് അദ്ദേഹത്തെ ആയിരുന്നില്ലെന്നും മറ്റൊരാളെ ആയിരുന്നെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സല്‍മാനെ ആക്രമിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്, അദ്ദേഹവുമായി അടുപ്പമുള്ള ആരെങ്കിലും എന്ന രീതിയിലാണ് ടൈഗറിനെ അടുത്ത ടാര്‍ഗറ്റായി പരിഗണിച്ചതെന്നും മുംബൈ പോലീസ് പറയുന്നു.

സല്‍മാനെ ആക്രമിക്കാന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കം അക്രമികള്‍ നടത്തിയിരുന്നു. പ്രതികള്‍ ദിവസങ്ങളോളം സല്‍മാന്റെ വീടിന് മുന്നിൽ നിരീക്ഷണം നടത്തി. എന്നാല്‍ നടന് വീടിനുള്ളിലും പുറത്തും കനത്ത സുരക്ഷയുണ്ടെന്നും അത് ഭേദിച്ച്‌ ആക്രമണം നടത്താനാകില്ലെന്നും തിരിച്ചറിഞ്ഞ് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ അടുത്ത ലക്ഷ്യമായി സല്‍മാനുമായി ഏറെ അടുപ്പമുള്ള ടൈഗര്‍ ഷ്രോഫിനെ തിരഞ്ഞെടുത്തത്. ടൈഗറിനെ വലിയ നിരീക്ഷണത്തിന് വിധേയമാക്കിയ അക്രമികൾ, അദ്ദേഹത്തിന്റെ വീട്, യാത്രകള്‍, ഞായറാഴ്ചത്തെ ഫുട്‌ബോള്‍ കളി എന്നിവയെല്ലാം നിരീക്ഷിച്ച ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തത്.

ടൈഗറിന് സല്‍മാനെ പോലെ വലിയ സുരക്ഷയില്ലെന്ന് മനസ്സിലാക്കിയാണ് ആക്രമണം സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ ബിഹാറില്‍ നിന്നുള്ള ഹൃതിക് എന്ന റോഷന്‍ (22), ഹരിയാനയില്‍ നിന്നുള്ള റേഷന്‍ (18), ഫൂല്‍ സിംഗ് (18) എന്നിവര്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ ലക്ഷ്യം മറ്റൊരാളാണെന്ന വിവരം പുറത്തുവന്നത്.

ഷ്രോഫിനെ കൊലപ്പെടുത്തി ബോളിവുഡില്‍ ഭയം പരത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഷൂട്ടര്‍മാര്‍ മൊഴി നൽകിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷ്രോഫിന് നേരെ അക്രമികള്‍ ഏഴ് തവണ വെടിയുതിര്‍ത്തു. കൂടുതല്‍ വെടിയുതിര്‍ക്കാന്‍ ഉദ്ദേശിച്ചെങ്കിലും തോക്ക് ജാം ആയിപ്പോകുകയായിരുന്നു. നടനും ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും കാറോടിച്ച്‌ രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞു. വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലോറന്‍സ് ബിഷ്‌ണോയ് സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നടന്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഷ്രോഫ് അത് അനുസരിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് സംഘം വ്യക്തമാക്കി.

'ഞാന്‍ അനില്‍ പണ്ഡിറ്റാണ്. ഞാന്‍ ലോറന്‍സ് ബിഷ്‌ണോയുടെ ഇളയ സഹോദരനെപ്പോലെയാണ്. ഇന്ന് ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു,' ആക്രമണത്തിന് ശേഷം പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ ഒരു സംഘാംഗം അവകാശപ്പെട്ടു. ഷ്രോഫിന് 'കൗണ്‍സിലിംഗ് നല്‍കിയിട്ടും അദ്ദേഹം മനസ്സിലാക്കിയില്ല' എന്നും അയാള്‍ പറഞ്ഞു. ഷൂട്ടര്‍മാര്‍ക്ക് 50,000 രൂപ മുന്‍കൂറായി നല്‍കിയിരുന്നുവെന്നും ആക്രമണശേഷം കൂടുതല്‍ പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed