സ്കൂൾ വിദ്യാർത്ഥികൾക്ക് കടുത്ത വേനലിൽ ആശ്വാസമേകാൻ എയർ കണ്ടീഷൻ ചെയ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ; ബഹ്റൈനിൽ പുതിയ ശുപാർശ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കടുത്ത വേനൽക്കാലത്ത് സ്കൂൾ സമയം കഴിഞ്ഞ് രക്ഷിതാക്കളെയും കാത്ത് പുറത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ പുതിയ പദ്ധതി വരുന്നു. സർക്കാർ സ്കൂളുകൾക്ക് സമീപം എയർ കണ്ടീഷൻ ചെയ്ത കാബിനുകളോ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളോ നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിലിന്റെ സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ഏകകണ്ഠമായി അംഗീകാരം നൽകി.
ക്ലാസുകൾക്ക് ശേഷം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷത്തിൽ രക്ഷിതാക്കൾ എത്തുന്നത് വരെ കാത്തിരിക്കാൻ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എട്ടാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുനിസിപ്പൽ കൗൺസിലർ അലി അബ്ദുൽഹമീദ് അൽ ശൈഖ് സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കഠിനമായ ചൂടിൽ കുട്ടികൾ വെളിയിൽ നിൽക്കുന്നതിലുള്ള ആശങ്ക രക്ഷിതാക്കൾ അദ്ദേഹത്തെ അറിയിച്ചിരുന്നു.
സർക്കാർ സ്കൂളുകൾക്ക് സമീപം അനുയോജ്യമായ കാത്തിരിപ്പ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്താൻ നഗരസഭാ കാര്യ വികസന, കാർഷിക മന്ത്രിക്ക് കത്തെഴുതാൻ കമ്മിറ്റി ശുപാർശ ചെയ്തു. തണലും എയർ കണ്ടീഷൻ സൗകര്യവുമുള്ള കാബിനുകൾ യാഥാർത്ഥ്യമാകുന്നതോടെ കുട്ടികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശവും ഉയർന്ന താപനിലയും ഏൽക്കാതെ സ്കൂൾ പരിസരത്ത് സുരക്ഷിതമായി തുടരാൻ കഴിയും.
dfsdsf

