ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഡൽഹിയിൽ തടഞ്ഞു; 50,000 രൂപ പിഴയീടാക്കിയതായി എഎപി


ശാരിക

ചണ്ഡീഗഢ്: പാരീസിലെ ഫുഡ് ട്രേഡ് ഫെയറില്‍ പങ്കെടുത്തു മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഒക്ടോബർ 19ന് രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂർ തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ അപമാനിക്കലും പഞ്ചാബിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്താനുള്ള ശ്രമവുമാണ് ഈ സംഭവമെന്ന് എഎപി സംസ്ഥാന മീഡിയ ഇൻചാർജ് കാബിനറ്റ് ബല്‍തേജ് പന്നു വ്യക്തമാക്കി.

"പാരീസില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെ ഡല്‍ഹി വിമാനത്താവളത്തില്‍ ബോധപൂർവ്വം തടഞ്ഞുവെച്ചു. ലഗേജ് വരാനുണ്ട് എന്നോ പരിശോധനയിലാണെന്നോ ഒക്കെയുള്ള വെറും നുണകളാണ് പറഞ്ഞത്. മൂന്ന് മണിക്കൂറിനു ശേഷം മാനിന് പുറത്തിറങ്ങാൻ അനുവാദം നല്‍കിയപ്പോള്‍ 50,000 രൂപയുടെ ചല്ലാൻ (പിഴ) നല്‍കുകയും ചെയ്തു," പന്നു പറഞ്ഞു. എന്തിനാണ് പിഴ ചുമത്തിയതെന്ന് പന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ സംഭവങ്ങളെല്ലാം 'മുകളില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്' നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാന്റെ ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട് എഎപി സർക്കാരും കേന്ദ്രവും തമ്മിലുള്ള പോരിന്റെ തുടർച്ചയാണ് ഈ വിവാദം. മാനിന്റെ പാരീസ് സന്ദർശനത്തിന് കേന്ദ്രം രാഷ്ട്രീയ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പഞ്ചാബ് സർക്കാർ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും, കേന്ദ്രത്തിന്റെ തീരുമാനം കോടതി റദ്ദാക്കുകയുമായിരുന്നു. കാരണം കേന്ദ്രം വിശദീകരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു.

മാന്റെ ഫ്രാൻസ് സന്ദർശനം അംഗീകരിച്ചുകൊണ്ട്, പഞ്ചാബ് മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോള്‍ നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ പാരീസിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ പോലും അദ്ദേഹത്തെ കാണാൻ എത്തിയില്ലെന്നും കേന്ദ്രത്തിന്റെ ദുഷ്ടലാക്കാണ് ഇത് വ്യക്തമാക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇത്തരം അനുഭവങ്ങള്‍ നാല് തവണ ഉണ്ടായിട്ടുണ്ട് എന്നും പന്നു പറഞ്ഞു.

എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ ലഗേജോ പണമോ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് മാനെയും ഭാര്യയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നും കൃത്യമായ വിശദീകരണം നല്‍കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ശിരോമണി അകാലി ദള്‍ (എസ്‌എഡി) ജനറല്‍ സെക്രട്ടറി ബിക്രം സിംഗ് മജീഷ്യ എക്സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള മാന്റെ പദവി പരിഗണിച്ച്‌ ഒടുവില്‍ അവരെ പോകാൻ അനുവദിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും ബാഗുകള്‍ പരിശോധിക്കാൻ ഉത്തരവ് നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed