നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദുബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാടണയാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. യുഎഇയിൽ നിന്നു നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നവർ തൊഴിൽ, താമസരേഖകൾ, വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണം. ഭാവിയിൽ ബാധ്യതയാകാവുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും വേണം. ഇടപാടുകൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്.
അടയ്ക്കാനുള്ള ട്രാഫിക് പിഴ എത്രയെന്നു കണ്ടെത്തി ബാധ്യത ഒഴിവാക്കുക. മടങ്ങും മുൻപ് സാലിക് കാർഡ് റദ്ദാക്കണം.
നാട്ടിലേക്കു മടങ്ങുന്ന വിവരം കെട്ടിട ഉടമയെ രേഖാമൂലം അറിയിക്കുകയും ക്ലിയറൻസ് രേഖകൾ കൈപ്പറ്റുകയും വേണം. താമസസ്ഥലത്തു നിന്നോ ഫോൺ കമ്പനികളിൽ നിന്നോ കിട്ടാനുള്ള ഡെപോസിറ്റ് തുക കൈപ്പറ്റുക. ഇന്റർനെറ്റ്, ടിവി സേവനങ്ങളുടെ കരാർ റദ്ദാക്കി ക്ലിയറൻസ് രേഖകൾ കൈപ്പറ്റുക. താമസസ്ഥലം വിടും മുൻപ് ഉടമയേയോ പ്രതിനിധികളെയോ വരുത്തി കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യപ്പെടുത്തി സമ്മതപത്രം വാങ്ങണം.
പോകും മുൻപ് വാഹനങ്ങൾ വിൽക്കുകയോ വിശ്വസ്തനായ വ്യക്തിയെ പവർ ഓഫ് അറ്റോർണി ചുമതല ഏൽപിക്കുകയോ ചെയ്യുക. യുഎഇയിലെ അഭിഭാഷകന്റെ മേൽനോട്ടത്തിലാകണം ഇത്. കെട്ടിടമോ മറ്റോ വിൽക്കാനുണ്ടെങ്കിൽ അഗീകൃത ഏജൻസിയെ രേഖാമൂലം ചുമതലപ്പെടുത്താവുന്നതാണ്
തൊഴിൽ കരാർ കഴിഞ്ഞെങ്കിൽ തൊഴിലുടമയെ പാസ്പോർട്ട് ഏൽപിച്ച് താമസ വിസ റദ്ദാക്കുക.വിസ റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കാണാതാകുന്നവരുടെയും ഒളിച്ചോടുന്നവരുടെയും മറ്റും ഗണത്തിൽ ഉൾപ്പെട്ടേക്കാം. ഭാവിയിൽ യുഎഇയിൽ മടങ്ങിവരുമ്പോൾ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരും.
തൊഴിലുടമയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയശേഷം മാത്രം രേഖകളിൽ ഒപ്പുവയ്ക്കുക. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ അഭിഭാഷകന്റെ ഉപദേശം തേടുക. ജോലിയിൽ നിന്നു പിരിച്ചു വിടുകയാണെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്നാണു ചട്ടം. നോട്ടിസ് കാലാവധി ഉണ്ടാകണം. പിരിച്ചുവിടുകയാണെങ്കിൽ കരാർ പ്രകാരം കമ്പനി നൽകിയ താമസസ്ഥലത്ത് നിന്ന് ഉടൻ ഒഴിയേണ്ടതില്ല. നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകേണ്ടതും സ്ഥാപനമാണ്.
മെഡിക്കൽ ഇൻഷുറൻസ് കാർഡ്, എമിറേറ്റ്സ് ഐഡി എന്നിവ തിരികെ നൽകണം. തൊഴിൽ പരിചയ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കും.
അക്കൗണ്ടുകൾ, കാർഡുകൾ തുടങ്ങി എല്ലാ ബാധ്യതകളും തീർക്കുന്നതാണ് സുരക്ഷിതം. കുടിശിക വരുത്തുന്നത് ക്രിമിനൽ കുറ്റമായതിനാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും. ബാധ്യത തീർക്കാതെ പോയവർ യുഎഇയിലേക്കു മടങ്ങിവരുമ്പോഴോ ഇതുവഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുമ്പോഴോ അറസ്റ്റ് ചെയ്യപ്പെടാം. ബാധ്യതകർ തീർത്ത രേഖകളുടെ പകർപ്പ് സൂക്ഷിക്കുക. ക്രെഡിറ്റ് കാർഡ് റദ്ദാക്കുകയും വായ്പ തിരിച്ചടവ് പൂർത്തിയാക്കുകയും ചെയ്തശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുക.
മൊബൈൽ ഫോൺ ബിൽ അടച്ചശേഷം ഡീ ആക്ടിവേറ്റ് ചെയ്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുക. കത്തിടപാട് വേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിൽ വിലാസം നൽകുക.

