കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചത് കോൺഗ്രസ്സുകാർ തന്നെ: കെ.സി ജോസഫ് എം.എൽ.എ
കണ്ണൂർ: ചെന്പേരിയിൽ കോൺഗ്രസ് അനുഭാവിയുടെ വീട് ആക്രമിച്ചതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് കെ.സി ജോസഫ് എം.എൽ.എ. സംഭവത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. നാളുകളായി ഒരുസംഘം തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ തുടർച്ചയാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കെ.സി ജോസഫ് പറഞ്ഞു. ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫിനെതിരെ ടി.വി പരിപാടിയിൽ പ്രതികരിച്ച ചെന്പേരി സ്വദേശി മാർട്ടിൻ എന്ന വ്യക്തിയുടെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളിൽ എത്തിയ സംഘം വീടിനെതിരെ കല്ലേറ് നടത്തുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.
കൊവിഡ് 19 മായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ധലത്തിൽ എം.എൽ.എയായ കെ.സി ജോസഫിനെ കാണാനില്ല എന്ന് സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാർട്ടിൻ. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് മാർട്ടിൻ അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോൺഗ്രസ് നേതാക്കളുമായി സംസാരങ്ങൾ ഉണ്ടായിരുന്നു എന്നാണ് മാർട്ടിൻ പറയുന്നത്. അക്രമണത്തിന് ശേഷം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

