കോവിഡ് ലക്ഷണമുള്ള എല്ലാവർക്കും അബുദാബിയിൽ സൗജന്യ പരിശോധന
അബുദാബി: കോവിഡ് രോഗലക്ഷണമുള്ള എല്ലാവർക്കും പരിശോധന സൗജന്യമാക്കിയതായി അബുദാബി ആരോഗ്യ വിഭാഗം (ഡിഒഎച്ച്) അറിയിച്ചു. കൂടാതെ വയോധികർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പുറമെ എമിറേറ്റിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പരിശോധന നടത്താം. മേൽപറഞ്ഞ ഗണത്തിൽപെടാത്തവർക്ക് കോവിഡ് പരിശോധനയ്ക്ക് 370 ദിർഹം ഈടാക്കുമെന്നും വ്യക്തമാക്കുന്നു.
രോഗബാധിതരെ കണ്ടെത്തുന്നതോടൊപ്പം രോഗപ്പകർച്ച തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന വ്യാപകമാക്കി കൂടുതൽ ആളുകൾക്ക് പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു. കോവിഡ് രോഗ ലക്ഷണമുള്ളവരും ഇവരുമായി സമ്പർക്കം പുലർത്തിയവരും പരിശോധിക്കാൻ മുന്നോട്ടുവരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിൽ മാത്രം 13 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരോട് ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കും. സ്വയം സമ്പർക്കത്തിൽ ഇരിക്കാൻ സൗകര്യമുള്ളവരെ അതിന് അനുവദിക്കുകയും അല്ലാത്തവരെ പൊതുവായ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തുവരുന്നത്.
അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിൽ വിവിധ എമിറേറ്റിലുള്ള കേന്ദ്രങ്ങളിൽ പരിശോധിക്കേണ്ടവർ 800 1717 ടോൾ ഫ്രീ നമ്പറിലോ സേഹ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യാം. സർക്കാർ ഡോക്ടറെ കണ്ട ശേഷം കോവിഡ് പരിശോധിക്കേണ്ടതെങ്കിൽ 800 11111 നമ്പറിലാണ് വിളിക്കേണ്ടത്. ദുബൈ ഹെൽത്ത് അതോറിറ്റി 800 342, ദുബൈ അൽഫുതൈം ഹെൽത് ഹബ് 800 2344 നമ്പറിലും വിളിക്കണം. അൽഫുതൈമിൽ രോഗലക്ഷണമുള്ളവർക്ക് 370ഉം അല്ലാത്തവർക്ക് 425 ദിർഹമുമാണ് ഫീസ്.

