തീപിടിത്തങ്ങൾക്ക് കാരണം വയറിങ്ങിലെ പിഴവ്
അബുദാബി : വയറിങ്ങിലെയും മറ്റും പിഴവുകളാണ് യുഎഇയിലെ തീപിടിത്തങ്ങളുടെ പ്രധാന കാരണമെന്ന് ആഭ്യന്തര മന്ത്രാലയം. വൈദ്യുതോപകരണങ്ങളുടെ അമിത ഉപയോഗവും പരിശീലനമില്ലാത്ത വയറിങ് തൊഴിലാളികളും അപകടങ്ങൾക്കു കാരണമാകുന്നു. തീപിടിത്തങ്ങളിൽ 60 ശതമാനവും പാർപ്പിട വ്യാപാര കേന്ദ്രങ്ങളിലാണ്. ഗുണനിലവാരമുള്ള വയറും മറ്റ് സാമഗ്രികളും ഉപയോഗിക്കാൻ കെട്ടിട ഉടമകൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അഗ്നിശമന വിഭാഗം മേധാവി ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ നുഐമി പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം തീപിടിത്തം 17% കുറഞ്ഞു. ഈ വർഷം ആദ്യ 6 മാസം റിപ്പോർട്ട് ചെയ്ത തീപിടിത്തങ്ങളിൽ 95 ശതമാനവും ഗുരുതരമായിരുന്നില്ല. ആളപായമുണ്ടായ കേസുകൾ ഒരു ശതമാനം മാത്രം.

