അനുമതി രേഖയില്ലാതെ മക്കയിലേക്ക് നടന്നുകയറാന്‍ ശ്രമം: 116 പേര്‍ പിടിയില്‍


ജിദ്ദ: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേക അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നു പ്രവേശിക്കാന്‍ ശ്രമിച്ച 116 പേര്‍ സുരക്ഷാസൈനികരുടെ പിടിയിലായി. മക്ക പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ വെച്ചാണ് ഹജ്ജ് അനുമതി രേഖ ഇല്ലാത്ത ഇവരെ സുരക്ഷാ വിഭാഗം പിടികൂടിയതെന്ന് ഹജ്ജ് സുരക്ഷാ സേനാ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ്‌ സെന്‍റര്‍ കമാന്‍ഡര്‍, മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 132 സ്ഥാപനങ്ങള്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചു. ഒരു മാസത്തിനിടെ മക്കയുടെ പ്രവേശന കവാടങ്ങളില്‍ നിന്ന് അനുമതിപത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയാണ് തിരിച്ചയച്ചത്. അനുമതി പത്രമില്ലാതെ തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ഡ്രൈവര്‍മാരെയും അധികൃതര്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഹജ്ജ് കര്‍മം നടക്കുന്ന സ്ഥലങ്ങളിലെ തിരക്കൊഴിവാക്കി തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായി വഴിയൊരുക്കുന്നതിനു വേണ്ടിയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed