വഴിമാറിയില്ലെങ്കിൽ 3000 ദിർഹം പിഴ
അബുദാബി : അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് വഴി കൊടുത്തില്ലെങ്കിൽ 3000 ദിർഹം പിഴ ചുമത്തുന്ന നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ 1,000 ദിർഹമായിരുന്നു പിഴ വഴിമുടക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്കു പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങളിൽ സ്ഥാപിച്ച നൂതന ക്യാമറകൾ വഴി നിയമലംഘകരെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാതെ അവയ്ക്കു കടന്നു പോകാൻ സൗകര്യമൊരുക്കണം. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ കുറുകെ വരികയോ ചെയ്യരുത്. വേഗം കുറയ്ക്കുകയും സിഗ്നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കിക്കൊടുക്കുകയും വേണം. സിഗ്നലിലും ഇന്റർസെക്‌ഷനുകളിലും ആംബുലൻസുകൾക്കാണ് പ്രഥമ പരിഗണനയെന്നും തിരിച്ചറിയണം. ആംബുലൻസുകൾ വരുന്നെന്നു കരുതി ചുവപ്പ് സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്നും വ്യക്തമാക്കുന്നു.

