എണ്ണയിതര വ്യവസായ രംഗത്ത് വൻ മുന്നേറ്റവുമായി അബുദാബി
അബുദാബി : അബുദാബിയിലെ എണ്ണയിതര വ്യവസായരംഗത്ത് വൻ മുന്നേറ്റം. അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ 2018 ജനുവരിയിലെ കണക്കുകളനുസരിച്ച്‍ 12.4 ബില്യൺ ദിർഹത്തിന്റെ കച്ചവടമാണ് എണ്ണയിതര മേഖലകളിൽനിന്ന് മാത്രം എമിറേറ്റിന്റെ വരുമാനം. എണ്ണയിതര മേഖലകളിൽ നിന്നുള്ള വരുമാനം ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷങ്ങളിലായി വിനോദസഞ്ചാര രംഗങ്ങളിലടക്കം വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് അബുദാബി നടത്തിവന്നിരുന്നത്. യാസ്, സാദിയാത് ഐലൻഡുകൾ കേന്ദ്രീകരിച്ച് വൻ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. വാർണർ ബ്രോസിന്റെ തീം പാർക്ക്, കടൽക്കാഴ്ചകൾക്കായുള്ള മ്യൂസിയം, ലൂവ്ർ അബുദാബി മ്യൂസിയം തുടങ്ങിയവ അബുദാബിയെ മദ്ധ്യേഷ്യയിലെ പ്രധാന ടൂറിസം ഹബ് ആക്കിമാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ്. സാംസ്‌കാരിക വിനോദസഞ്ചാര രംഗത്തും അബുദാബി കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര മേഖലയിൽ കൊണ്ടുവരുന്ന വൈവിധ്യങ്ങളാണ് എണ്ണയിതര സാന്പത്തിക രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ജനറൽ സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു. കൾച്ചറൽ ടൂറിസം ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന രംഗമായി വളർന്നുകഴിഞ്ഞു. ഈ രംഗം ലോകത്തിന് സമ്മാനിക്കുന്നത് വിലമതിക്കാനാവാത്ത അനുഭവങ്ങളാണ്. രാഷ്ട്രത്തിന്റെ പൈതൃകം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഈ മേഖലയുടെ പ്രചാരണത്തിന് കാര്യമായ പദ്ധതികൾക്കാണ് വകുപ്പ് തുടക്കംകുറിച്ചിട്ടുള്ളത്. സിന്പോസിയങ്ങളും മേളകളും ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയാണ് കയറ്റുമതി രംഗത്ത് അബുദാബിയുടെ ഏറ്റവും ശക്തരായ പങ്കാളി. 300 ദശലക്ഷം ദിർഹത്തിന്റെ വാണിജ്യ പങ്കാളിത്തമാണ് സൗദിയുമായി അബുദാബിക്കുള്ളത്. വ്യാവസായിക, നിർമ്‍മാണ രംഗങ്ങളിലെ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയാണ് അബുദാബി സർക്കാരിന് ഏറ്റവുമധികം വിദേശ നാണ്യം നേടിക്കൊടുത്തത്. റീ എക്‌സ്‌പോർട്ടിംഗ് രംഗത്ത് ചൈനയാണ് അബുദാബിയുടെ ഏറ്റവുംവലിയ പങ്കാളി രാഷ്ട്രം. 286 ദശലക്ഷം ദിർഹത്തിന്റെ കച്ചവടമാണ് ചൈനയുമായി നടത്തിയത്. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് കയറ്റുമതി ഉൽപ്പന്നം. കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായാണ് അബുദാബി കയറ്റുമതി രംഗത്ത് കൂടുതലും ആഭിമുഖ്യം പുലർത്തുന്നത്.

