തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നിൽ സിപിഐഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് കെ. മുരളീധരൻ
ശാരിക / തിരുവനന്തപുരം
തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നിൽ സിപിഐഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന് വിമർശിച്ച അദ്ദേഹം, തനിക്ക് തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചതിന് ശേഷം സീറ്റുകളുടെ എണ്ണത്തിൽ പരമാവധി വർധനവ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. ശശി തരൂർ എംപിയുടെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ രീതിയിലുള്ള വോട്ട് വിഹിതം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. തൃശൂരിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും, ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ട് ശേഖരണം നടന്നതായും അദ്ദേഹം പറഞ്ഞു. ബിഎൽഒമാർ ഉൾപ്പെടെയുള്ളവർ ബിജെപിക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെയും മുരളീധരൻ പരിഹസിച്ചു. ഗോവിന്ദൻ മാഷ് ഇടയ്ക്ക് തമാശകൾ പറയാറുണ്ടെന്നായിരുന്നു ഇതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ വന്ദിക്കാനോ നിന്ദിക്കാനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാറിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസിലല്ല നടക്കുന്നത്. അത്തരം തർക്കങ്ങൾ എവിടെയാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അതിനുള്ള മറുപടി ബിനോയ് വിശ്വം തന്നെ നൽകിയിട്ടുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
sdfdsf

