സിറിയൻ ജനതയ്ക്ക് 220 ദശലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി : സിറിയൻ ജനതയ്ക്ക് 220 ദശലക്ഷം ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇ. ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യൻ യൂണിയന്റെയും കീഴിൽ സിറിയയുടെ പുനർനിർമ്മാണമെന്ന ലക്ഷ്യത്തിൽ ബ്രസൽസിൽ നടന്ന സമ്മേളനത്തിൽ യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാവകുപ്പ് മന്ത്രി മറിയം അൽ മുഹൈരിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിനോടകം 3.23 ദശലക്ഷം ദിർഹത്തിന്റെ സഹായധനമാണ് യു.എ.ഇ സിറിയയിലെ രാഷ്ട്രപുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. ആരോഗ്യം, ഭക്ഷണം, വെള്ളം, പാർപ്പിടം, സാമൂഹികസേവനം തുടങ്ങിയവക്കെല്ലാമായാണ് യു.എ.ഇയുടെ സഹായധനം ചെലവഴിക്കപ്പെട്ടിട്ടുള്ളത്.
സിറിയക്കും സമീപരാഷ്ട്രങ്ങൾക്കും നൽകാവുന്ന സഹായങ്ങളെക്കുറിച്ച് യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷമായി സിറിയയിൽ നടക്കുന്ന ആഭ്യന്തരകലഹങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചാ വിഷയമായി.

