തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ
ശാരിക / തിരുവനന്തപുരം
ഏറെ വിവാദമായ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 36 വർഷം പഴക്കമുള്ള ഈ കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായിരുന്ന ജോസാണ്. ഏതാണ്ട് 19 വർഷത്തോളം നിശ്ചലാവസ്ഥയിലായിരുന്ന കേസ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും കർശന നിർദ്ദേശത്തെത്തുടർന്നാണ് വിചാരണ പൂർത്തിയാക്കി വിധിയിലേക്ക് എത്തിയത്.
1990 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലായ ആൻഡ്രൂ സാൽവത്തോറെ എന്ന ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതൽ മാറ്റിമറിച്ചു എന്നതാണ് കേസിന്റെ ആധാരം. സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈക്കോടതിയിൽ നിന്ന് രക്ഷപ്പെടുത്താനായി തൊണ്ടിമുതൽ മാറ്റിവെക്കാൻ അന്നത്തെ അഭിഭാഷകനായിരുന്ന ആന്റണി രാജു ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട ഹൈക്കോടതി വിദേശ പൗരനെ അന്ന് വെറുതെ വിട്ടിരുന്നു. എന്നാൽ തൊണ്ടിമുതലിൽ കൃത്രിമം നടന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് 1994-ൽ വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഒരു മുൻ മന്ത്രി കൂടിയായ ആന്റണി രാജുവിനെതിരെയുള്ള ആരോപണം അതീവ ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നേരത്തെ മാധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവൽ സമർപ്പിച്ച ഹരജിയെത്തുടർന്ന് വഞ്ചനാക്കുറ്റം കൂടി ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില നിയമനടപടികൾ ഹൈക്കോടതിയിൽ നടന്നിരുന്നെങ്കിലും, ഒടുവിൽ വിചാരണ കോടതി പ്രതികൾ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
dfsdf

