ദു­ബൈ­യിൽ‍ നി­ന്നും ചെ­ന്നൈ­യി­ലേ­ക്ക് ഡീ­സൽ‍ കള്ളക്കടത്ത് : നാല് പേർ പി­ടി­യി­ൽ


ദു­ബൈ : ദുബൈയിൽ നിന്ന് ഡീസൽ കടത്തുന്ന സംഘത്തിലെ നാല് പേർ പിടിയിൽ. ദുബൈയിൽ നിന്ന് ഡീസൽ കടത്തി ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗം ഹവാല ഇടപാടുകാരൻ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്. ചെന്നൈ തുറമുഖം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ വിലവരുന്ന മൂന്ന് ലക്ഷം ലിറ്റർ ഡീസലും പിടിച്ചെടുത്തു. 14 കണ്ടെയ്നറുകളിൽ നിന്നായാണ് ഡീസൽ പിടിച്ചെടുത്തത്. ചെന്നൈയിലെയും ഹൈദരാബാദിലെയും ഡി.ആർ.ഐ സംഘങ്ങളുടെ നേതൃത്വത്തിൽ ചെന്നൈയിലും കാകിനാഡയിലും അടക്കം 12 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 

നികുതിയില്ലാതെ ദുബൈയിൽ നിന്ന് ഡീസൽ കൊണ്ടുവന്ന് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിൽക്കുകയാണ് കടത്തൽ സംഘത്തിന്റെ രീതിയെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു. ചെന്നൈ മറൈമലൈനഗറിൽ ഡീസൽ സൂക്ഷിക്കാനായി പ്രത്യേക സൗകര്യവുമുണ്ട്. ഗിണ്ടിയിൽ ഓഫീസും പ്രവർത്തിച്ചിരുന്നു. ദുബൈയിൽ നിന്ന് ഡീസൽ വാങ്ങുന്നതിനും മറ്റുമായി അവിടെ വ്യാജ കന്പനിയുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടത്തലിനുള്ള പണം കൈമാറിയിരുന്നത് ഹവാല ഇടപാടിലൂടെയായിരുന്നു. ഇതിനകം 17.7 കോടി രൂപയോളം വിലമതിക്കുന്ന 63 ലക്ഷം ലിറ്റർ ഡീസൽ ഇവർ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. പ്രതികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed