ജോലിക്ക് സ്വഭാവ സർട്ടിഫിക്കറ്റ്: നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു.എ.ഇ
ദുബൈ : ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ജോലി ലഭിക്കാൻ പോലീസിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയിൽ മാറ്റമൊന്നുമില്ലെന്ന് യു.എ.ഇ. തൊഴിൽ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. തൊഴിൽ വിസ ലഭിക്കുന്നതിന് സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഇമറാത്തൈസേഷൻ മന്ത്രാലയവും അറിയിച്ചു.
സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ ഒന്പത് രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കിയെന്ന ചില റേഡിയോ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ഈ പ്രചാരണം തെറ്റാണെന്ന് ബുധനാഴ്ച തൊഴിൽ മന്ത്രാലയം വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലിൽ നിന്ന്, സ്വഭാവ സർട്ടിഫിക്കറ്റ് നൽകാതെ തന്നെ വ്യാഴാഴ്ചയും ചില വിസകൾ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം വീണ്ടും ഉടലെടുത്തത്. തഹ്സീലിന്റെ കന്പ്യൂട്ടർ സംവിധാനത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള ഓപ്ഷൻ ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതർ പറഞ്ഞത്.
ഫെബ്രുവരി നാല് മുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകർക്ക് നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യു.എ.ഇയിൽ പുതുതായി തൊഴിൽ നേടുന്നവർക്ക് നാട്ടിൽ കുറ്റകൃത്യപശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്.
യു.എ.ഇയിലുള്ളവർ തൊഴിൽ മാറുന്പോൾ അടുത്ത പോലീസ് േസ്റ്റഷനിൽ നിന്ന് ഇത് സന്പാദിക്കേണ്ടതുമുണ്ട്. ഫെബ്രുവരിയിൽ നടപ്പാക്കിയ ഈ പരിഷ്കാരം നാട്ടിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. നാട്ടിൽ ഇതുസംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ചാണ് പരാതികൾ ഏറെയും. അതിനിടയിലാണ് നിയമത്തിൽ ഇളവുണ്ടെന്ന പ്രചാരണം ശക്തമായത്.

