അറബ് ഹോപ്പ് മേക്കർ പുരസ്കാരം : രണ്ടാം ഘട്ടത്തിന് തുടക്കം
ദുബൈ : അറബ് മേഖലയിൽ പ്രത്യാശയും അർപ്പണബോധവും പ്രചരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താനുള്ള ശ്രമം വീണ്ടും. പത്തുലക്ഷം ദിർഹം സമ്മാനത്തുകയുള്ള അറബ് ഹോപ്പ് മേക്കർ പുരസ്കാരത്തിന്റെ രണ്ടാം ഘട്ടമാണിത്. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
അറബ് മേഖലയിലെ ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ളതായിരിക്കും ഈ പുരസ്കാരം. അറബ് മേഖലയിൽ നിന്ന് പ്രത്യാശയുടെയും ദാനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയുമെല്ലാം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ളതാണ് അവാർഡ്. അന്യർക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജീവിതങ്ങളെ ആദരിക്കുക കൂടിയാണ് ഹോപ്പ് മേക്കർ അവാർഡിന്റെ ലക്ഷ്യം. www.ArabHopMakers.com എന്ന വെബ്സൈറ്റിൽ ഇത്തരം വ്യക്തികളുടെയും പ്രവർത്തനങ്ങളുടെയും വിവരങ്ങൾ എല്ലാവർക്കും സമർപ്പിക്കാം.
അറബ് മേഖലയ്ക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുന്നവരാണ് ഹോപ്പ് മെയ്ക്കറെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അവർ നമ്മുടെ സംസ്കാരത്തിന്റെയും ഭാവിയുടെയും ശിൽപ്പികൾ കൂടിയാണ്. സമർപ്പണത്തിനും ദാനത്തിനുമുള്ള മനസ്സ് എല്ലാവരിലുമുണ്ട്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ അവർ ആഗ്രഹിക്കുന്നുണ്ട്. അതാണ് അറബ് ലോകത്തിന്റെ സാംസ്കാരിക പ്രവർത്തനമെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
വിശ്രമമില്ലാതെ നിശ്ശബ്ദമായി അന്യർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആയിരങ്ങളെ നമുക്ക് ചുറ്റും കാണാൻ സാധിക്കും. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും ചിലരിലുള്ള നിസ്സംഗതയും നിരാശയും ഇല്ലാതാക്കാനും ഇവരുടെ ജീവിതകഥകൾ നമുക്ക് വഴികാട്ടും. ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപഴകാനും അവരോടൊത്ത് പ്രവർത്തിക്കാനും നമുക്ക് കഴിയണമെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

