കഴിഞ്ഞ വർഷം യു.എ.ഇയിൽ എത്തിയത് 15.8 മില്യൺ വിനോദ സഞ്ചാരികൾ
ദുബൈ : കഴിഞ്ഞ വർഷം യു.എ.ഇ സന്ദർശിക്കാൻ എത്തിയത് 15.8 മില്യൺ വിനോദ സഞ്ചാരികളെന്ന് റിപ്പോർട്ട്. മുൻവർഷത്തേക്കാൾ 6.2 ശതമാനത്തിന്റെ വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 2020ൽ 20 മില്യൺ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ദുബൈയിക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ വാർത്ത. ദുബൈ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിംങ് വിഭാഗം ആണ് കണക്ക് പുറത്തുവിട്ടത്.
യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നേതൃത്വത്തിൽ ദുബൈ പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ലോകത്തെ സഞ്ചാര ഭൂപടത്തിൽ ദുബൈ ഒഴിവാക്കാൻ സാധിക്കാത്ത ഒരിടമായി മാറി. സഞ്ചാരികളുടെ വർദ്ധനവ് രാജ്യത്തിന്റെ ജി.ഡി.പിയെ സ്വാധീനിക്കുന്നുവെന്നും അതിഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ശ്രമിക്കുമെന്നും ദുബൈ ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽമറി പറഞ്ഞു.
ലോകമെന്പാടുമുള്ള കണക്കെടുത്താൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന നാലാമത്തെ നഗരമാണ് ദുബൈ. മികച്ച പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും അൽ മറി വ്യക്തമാക്കി. ദുബൈ പുതിയ നേട്ടം സ്വന്തമാക്കുന്പോൾ അതിൽ ഇന്ത്യക്കാരുടെ പങ്കും വളരെ വലുതാണ്. ഇവിടെ എത്തിയ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുമാണ്, 2.1 മില്യൺ. ആദ്യമായാണ് ഒരു രാജ്യത്തു നിന്നുമാത്രം രണ്ട് മില്യണിൽ അധികം ആളുകൾ ദുബൈയിൽ സന്ദർശനത്തിന് എത്തുന്നത്.
ഒരോ വർഷം കഴിയുന്പോഴും ഇന്ത്യയിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുന്നുവെന്നും കണക്കുകൾ പറയുന്നു. 1.53 മില്യൺ സഞ്ചാരികൾ എത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഏഴു ശതമാനത്തിന്റെ കുറവാണ് സൗദിയിൽ നിന്നും ഉണ്ടായത്.
1.27 മില്യൺ സഞ്ചാരികളുമായി യു.കെ മൂന്നാമതും എത്തി. മുൻ വർഷത്തേക്കാൾ രണ്ടു ശതമാനത്തിന്റെ വർദ്ധനവ്.



