ഖലീഫസാറ്റ് ഈ വർഷം വിക്ഷേപിക്കും

ദുബൈ : ഖലീഫസാറ്റ് ഈ വർഷാവസാനം വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. പൂർണമായും സ്വദേശി എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഖലീഫസാറ്റ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ സാറ്റലൈറ്റ് ടെക്നോളജിയിലാണ് ഒരുങ്ങുന്നത്. നഗരാസൂത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മറ്റുമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയാൽ ഖലീഫസാറ്റ് ഉയർന്നനിലവാരമുള്ള ചിത്രങ്ങൾ നൽകിത്തുടങ്ങും. യു.എ.ഇ.യുടെ വൈദഗ്ദ്ധ്യം ഉയർത്തിക്കാട്ടുന്ന ഖലീഫസാറ്റ് പദ്ധതി പദ്ധതി യു.എ.ഇ. വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിശോധിച്ചു. വിദേശസഹായമില്ലാതെ അറബ് മേഖലയിൽ ആദ്യമായി സാറ്റ്ലൈറ്റ് വികസിപ്പിക്കുന്നത് ഇമറാത്തി എഞ്ചിനീയർമാരാണെന്നും യു.എ.ഇ യുവതയുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്ന നേട്ടമാണ് ബഹിരാകാശമേഖലയിൽ കൈ വരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇ.യുടെ ഭാവി ശാസ്ത്ര−സാങ്കേതിക പദ്ധതികൾക്ക് ശക്തമായ അടിത്തറയാണിതെന്നും പറഞ്ഞ അദ്ദേഹം ഖലീഫസാറ്റിന്റെ ഉയർന്നശേഷിയുള്ള ഡിജിറ്റൽ ക്യാമറ, സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റം, വേഗത്തിലുള്ള ആശയവിനിമയ സംവിധാനം, ഓട്ടോമാറ്റിക് സാറ്റ്ലൈറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയെക്കുറിച്ചൊക്കെ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ശാസ്ത്ര നേട്ടങ്ങൾക്കൊപ്പം യുവാക്കളുടെ ശാക്തീകരണവും പങ്കാളിത്തവും സ്ത്രീകളുടെ വർദ്ധിച്ച പ്രാതിനിധ്യവും രാജ്യത്തിന്റെ ഭാവിയും വ്യക്തമാക്കുന്നതാണ് പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് സ്പേസ് സെന്ററിലെ എഞ്ചിനീയർമാർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശി പറഞ്ഞു.