ദുബൈയിൽ പുതിയ രണ്ട് പാലങ്ങൾ തുറന്നു

ദുബൈ : പുതിയ രണ്ടു പാലങ്ങൾ ഇന്നലെ ഗതാഗതത്തിനായി തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഷെയ്ഖ് റാഷിദ്− ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസനത്തിന്റെ ഭാഗമാണ് പുതിയ പാലങ്ങൾ. കാറുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ദുബൈയിൽ ഗതാഗതം സുഗമമാകാൻ കൂടുതൽ റോഡുകളും പാലങ്ങളും അണ്ടർപാസ്സുകളും നിർമ്മിക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണിതെന്ന് ആർ.ടി.എ ചെയർമാൻ മാതർ അൽ തായർ പറഞ്ഞു. പുതിയ പാലങ്ങൾ വന്നതോടെ കരാമയിലേക്കും വേൾഡ് ട്രേഡ് സെന്റർ ഭാഗത്തേക്കുമുള്ള ഗതാഗതം സുഗമമാകും.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ പാലത്തിൽ ഇരുദിശകളിലേക്കും രണ്ട് ലൈനുകൾ വീതമുണ്ട്. സബീൽ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കുള്ള രണ്ടാമത്തെ പാലത്തിൽ ഇരു ദിശകളിലേക്കും ഒരു ലെയിനാണുള്ളത്. പാലങ്ങൾക്ക് പുറമെ ഇരു ദിശകളിലേക്കും നാല് ലൈനുകൾ വീതമുള്ള ഒരു ടണലും ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിർമ്മിക്കും.