ദു­ബൈ­യിൽ ഇന്നലെ കാർ ഫ്രീ ഡേ ആയി ആചരിച്ചു


ദുബൈ : ദുബൈ ഇന്നലെ കാർ ഫ്രീ ഡേ ആയി ആചരിച്ചു. കാർബൺ ബഹിർഗമനത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും സമൂഹത്തിൽ അവബോധമുണ്ടാക്കുക, കൂടാതെ പൊതു വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെ ലക്ഷ്യമാക്കിയാണ് കാറുകളുപേക്ഷിച്ച് മെട്രോയിലും ബസ്സിലും സൈക്കിളിലുമെല്ലാം യാത്ര ചെയ്ത് ദുബൈ നിവാസികൾ ഇന്നലെ കാർ ഫ്രീ ഡേ ആയി ആചരിച്ചത്. ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന കാർ ഫ്രീ ഡേയിൽ ഇത്തവണ ദുബൈയോടൊപ്പം അജ്മാൻ, റാസൽഖൈമ, അൽ ഐൻ എന്നീ നഗരങ്ങളും സ്വകാര്യ വാഹനങ്ങളുപേക്ഷിച്ച് കാർ ഫ്രീ ഡേയുടെ ഭാഗമായി.

പരിപാടിക്കായി രജിസ്റ്റർ ചെയ്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാതെ പൊതു വാഹനങ്ങളിൽ യാത്ര ചെയ്തത്. സുസ്ഥിരവികസനം ലക്ഷ്യമിട്ട് മുന്നേറുന്ന രാജ്യത്തെ, ഓരോ താമസക്കാരനും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ട സംരംഭമാണ് കാർ ഫ്രീ ഡേ. വ്യക്തികളുടെ താൽപ്പര്യങ്ങൾക്കും സൗകര്യത്തിനുമപ്പുറത്ത് പ്രകൃതിക്ക് മുൻഗണന നൽകുന്ന ജീവിതശൈലി സ്വീകരിക്കാൻ പ്രേരകമാകുകയാണ് കാർ ഫ്രീ ഡേ.

ഇന്നലെ രാവിലെ യൂണിയൻ മെട്രോ പാർക്കിൽ കാർ ഫ്രീ ഡേയോടനുബന്ധിച്ച പരിപാടികൾ നടന്നു. കൂടാതെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

2010−ൽ ദുബൈ മുനിസിപ്പാലിറ്റിയുടെ ജീവനക്കാർ മാത്രം പങ്കെടുത്ത് ആരംഭിച്ച സംരഭമാണ് കാർ ഫ്രീ ഡേ. ആദ്യവർഷം നിരത്തിലിറങ്ങാതിരുന്നത് 1000 കാറുകളാണെങ്കിൽ 2017ലെത്തിയപ്പോൾ 60,000 വാഹനങ്ങളായി ഉയർന്നു. ഇരുന്നൂറിലധികം സ്ഥാപനങ്ങളാണ് സംരംഭത്തിന്റെ ഭാഗമായത്. കഴിഞ്ഞവർഷം ഒരു ദിവസംകൊണ്ട് തടഞ്ഞത് 174 ടണ് കാർബണ് ബഹിർഗമനമാണ്.

15 ഗാലൻ ഇന്ധനം കൊള്ളുന്ന വാഹനം 140 കിലോഗ്രാം കാർബൺ ആണ് പുറന്തള്ളുന്നത്. ഒരു കാറിൽനിന്ന് ഇതുപ്രകാരം ഒരു വർഷം പുറന്തള്ളുന്നത് ശരാശരി നാല് ടൺ കാർബൺ ആണ്. ഇതുവെച്ച് നോക്കുന്പോൾ ഒരു ദിവസം കാറുകളുപേക്ഷിക്കുന്നത് പോലും പരിസ്ഥിതിക്ക് ഏറെ ഗുണകരമാകുമെന്ന ചിന്തയിലാണ് കാർ ഫ്രീ ഡേ ആചരിക്കുന്നത്.‑

You might also like

  • Lulu Exchange
  • Straight Forward

Most Viewed