ഉപയോഗിച്ച കാർ വാങ്ങുന്നതിന് മുന്പ് മുൻകാല ചരിത്രമറിയാം
ദുബൈ : ഉപയോഗിച്ച കാർ വാങ്ങുന്നതിന് മുന്പ് അതിന്റെ മുൻകാല ചരിത്രമറിയാൻ സൗകര്യമൊരുക്കി ദുബൈ ആർ.ടി.എ. വെഹിക്കിൾ കണ്ടീഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനത്തിലൂടെയാണ് ആർ.ടി.എ ഇതിന് തുടക്കം കുറിക്കുന്നത്. വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് കാർ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട്, നേരത്തേ എത്ര ഉടമകൾ വാഹനത്തിന് ഉണ്ടായിരുന്നു, ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ നിലവാരം എന്തായിരുന്നു, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങി എല്ലാ കാര്യങ്ങളും വെഹിക്കിൾ കണ്ടീഷൻ സർട്ടിഫിക്കറ്റിലുണ്ടാകും. എന്നാൽ ഉടമയുടെ അനുമതി യോടുകൂടി മാത്രമെ ഇത് നൽകുകയുള്ളൂവെന്ന് ആർ.ടി.എ വ്യക്തമാക്കി.
ഇതിനായി ഉടമ പിൻകോഡ് സഹിതമുള്ള എസ്.എം.എസ് ആർ.ടി.എക്ക് നൽകണം. സർട്ടിഫിക്കറ്റ് ലഭിക്കാൻ ആർ.ടി.എ വെബ് സൈറ്റിൽ വാഹനത്തിന്റെ ഷാസി നന്പർ അടക്കം അപേക്ഷ നൽകുകയാണ് ആദ്യ പടി. വിവരങ്ങൾ നൽകാനാവുമെങ്കിൽ ആർ.ടി.എ അക്കാര്യം അറിയിക്കും. തുടർന്ന് 100 ദിർഹം ഫീസ് നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ പോലും ലഭ്യമാക്കാൻ സൗകര്യമുണ്ട്. ഇതിനായി അമേരിക്കയിലെ കാർഫാക്‍സ്, യൂറോപ്പിലെ ഓട്ടോ ഡി.എൻ.എ എന്നിവയുമായും ആർ.ടി.എ ധാരണയിൽ എത്തിയിട്ടുണ്ട്.

