ജി.സി.സി ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ; മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ശക്തമായി നിരീക്ഷിക്കും
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സുരക്ഷയും തകർക്കാനുള്ള ഏത് നീക്കങ്ങളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജി.സി.സി വാർത്താവിനിമയ മന്ത്രിമാർ വ്യക്തമാക്കി. ബഹ്‌റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ അൽ നുഐമിയുടെ അധ്യക്ഷതയിലും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയുടെ സാന്നിധ്യത്തിലും ബഹ്‌റൈനിൽ വെച്ച് നടന്ന 29-ാമത് ജി.സി.സി ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ ഉണ്ടായത്. ഗൾഫ് ഐക്യം പരമപ്രധാനമാണെന്നും നിലവിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രാധാന്യം കൂടുതലായി വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രിമാർ വിലയിരുത്തി.
ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തെയോ, ചിഹ്നങ്ങളെയോ, ജനങ്ങളെയോ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികളെ യോഗം ശക്തമായി അപലപിച്ചു. മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും നടക്കുന്ന നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാനും, കുറ്റക്കാർക്കെതിരെ അതത് രാജ്യങ്ങളിലെ ദേശീയ നിയമങ്ങളുടെയും ജി.സി.സി ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നിയമനടടികൾ സ്വീകരിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു. മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും യോഗം ഓർമ്മിപ്പിച്ചു.
പ്രാദേശിക സംഭവവികാസങ്ങളും വെല്ലുവിളികളും ജി.സി.സി രാജ്യങ്ങളുടെ സംയുക്ത നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച ഡോ. റംസാൻ അൽ നുഐമി വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയ്ക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ വളരെ ഉത്തരവാദിത്തത്തോടെയാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പ്രശംസിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗൾഫ് മാധ്യമ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങളുടെ പുരോഗതിയും സമാധാനപരമായ നിലപാടുകളും കൃത്യമായി എത്തിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#BahrainNews #GCCUnity #MediaWatch #4PMNews
dfsdfsdsf

