മുഹറഖ് മുനിസിപ്പാലിറ്റിയിൽ സന്ദർശകർക്ക് ഡ്രസ് കോഡ് നിർദ്ദേശം; ഷോർട്സ്, ചെറിയ വസ്ത്രങ്ങൾ ധരിച്ചവർക്ക് പ്രവേശനമില്ല
പ്രദീപ് പുറവങ്കര
മനാമ: ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് എത്തുന്ന സന്ദർശകർ മാന്യമായ വസ്ത്രധാരണം പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഷോർട്സ്, ട്രാക്ക് സ്യൂട്ടുകൾ, നീളം കുറഞ്ഞ വസ്ത്രങ്ങൾ എന്നിവ ധരിച്ചെത്തുന്നവർക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് ബോർഡ് മുനിസിപ്പാലിറ്റി ഓഫീസിൽ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് നൽകിയ വിശദീകരണമനുസരിച്ച്, ഇതൊരു ഔദ്യോഗിക നിയമം അടിച്ചേൽപ്പിക്കലല്ല, മറിച്ച് പൊതുസ്ഥാപനങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദ ഉറപ്പാക്കാനാണ്. ഇനിമുതൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരോട് മാന്യമായി സംസാരിച്ച്, അനുയോജ്യമായ വസ്ത്രം ധരിച്ച് തിരിച്ചെത്താൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വസ്ത്രധാരണത്തിന് പുറമേ, കെട്ടിടത്തിനുള്ളിൽ പുകവലി പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ക്യൂ നിൽക്കാതെ മുൻഗണനാ സേവനം ലഭിക്കുമെന്നും ബോർഡിൽ വ്യക്തമാക്കുന്നുണ്ട്.
adsssa

