യു.എസ് - ഇറാൻ രഹസ്യ ചർച്ച: സമാധാന പദ്ധതിയുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്!
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനുമേൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്താൻ അമേരിക്ക പദ്ധതിയിടുന്നതായി വിവരങ്ങൾ പുറത്തുവരുന്നതിനിടെ, മേഖലയിൽ നയതന്ത്ര നീക്കങ്ങളുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്തെത്തി. തിരിച്ചടികളും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായിയുമായി വാൻസ് രഹസ്യ ചർച്ചകൾ ആരംഭിച്ചതായി 'ദ വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദേശപ്രകാരമാണ് കത്തയച്ചതെന്നാണ് സൂചന. വാൻസിന്റെ ഈ ആശയത്തിന് താൻ പൂർണ അനുമതി നൽകിയിട്ടുണ്ടെന്ന് ട്രംപും വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ ചർച്ചകൾക്ക് കൃത്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുക എന്നതാണ് വാൻസിന്റെ കത്തിന്റെ പ്രധാന ഉള്ളടക്കം.
വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ ഈ നീക്കം. അതേസമയം, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഏഴുദിവസത്തെ പദ്ധതി സംബന്ധിച്ച് മധ്യസ്ഥരുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, എണ്ണമേഖലയിലെ ഉപരോധങ്ങൾ നീക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് തെഹ്‌റാന്റെ പ്രധാന വ്യവസ്ഥകൾ. എന്നാൽ പുതിയ ആക്രമണമുണ്ടായാൽ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
cdddssd

