ലൂവ്രിനെയും മെട്രോപോളിറ്റനെയും പിന്നിലാക്കി ബിഹാർ മ്യൂസിയം! ലോകത്തിൽ ഒമ്പതാമതും ഏഷ്യയിൽ ഒന്നാമതും
ഷീബ വിജയൻ
ന്യൂയോർക്ക്: ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തെയും പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തെയും പിന്തള്ളി പട്നയിലെ ബിഹാർ മ്യൂസിയം ആഗോള ശ്രദ്ധ നേടുന്നു. ജർമനി ആസ്ഥാനമായുള്ള സ്വതന്ത്ര ട്രാവൽ ഗൈഡായ 'വർത്ത് എ ജേർണി' പുറത്തുവിട്ട 2026ലെ ലോകത്തിലെ മികച്ച 100 മ്യൂസിയങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം നേടി ബിഹാർ മ്യൂസിയം ചരിത്രം സൃഷ്ടിച്ചു. ഏഷ്യൻ വൻകരയിൽ ഒന്നാം സ്ഥാനത്താണ് ഈ മ്യൂസിയം എത്തിനിൽക്കുന്നത്. പ്രശസ്തമായ മെട്രോപോളിറ്റൻ മ്യൂസിയം പത്താം സ്ഥാനത്തും ലൂവ്ര് മ്യൂസിയം 31-ാം സ്ഥാനത്തുമാണ്.
2015-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട, 13 ഏക്കറിൽ പരന്നുകിടക്കുന്ന ഈ അത്യാധുനിക മ്യൂസിയം പട്നയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ആദ്യകാല നാഗരികതകൾ മുതൽ 1764 വരെയുള്ള കാലഘട്ടത്തിലെ ചരിത്രപരമായ പുരാവസ്തുക്കളുടെയും കലാരൂപങ്ങളുടെയും വലിയ ശേഖരം ഇവിടെയുണ്ട്. ജാപ്പനീസ് പ്രിത്സ്കർ പുരസ്കാര ജേതാവായ ആർക്കിടെക്റ്റ് ഫുമിഹിക്കോ മാക്കിയും മുംബൈ ആസ്ഥാനമായുള്ള ഒപോളിസ് ആർക്കിടെക്റ്റ്സും ചേർന്നാണ് മ്യൂസിയം രൂപകൽപ്പന ചെയ്തത്. കുട്ടികൾക്കായുള്ള പ്രത്യേക ഗാലറി, ഡയസ്പോറ ഗാലറി, ബിഹാരി വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റ് എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്. അന്താരാഷ്ട്ര തതലത്തിലുള്ള വിശകലന ഡാറ്റ പോയിന്റുകളും നേരിട്ടുള്ള പരിശോധനകളും അടിസ്ഥാനമാക്കിയാണ് 'വർത്ത് എ ജേർണി' ഈ റാങ്കിങ് തയ്യാറാക്കിയത്.
dwadsaads

