ഇസ്രായേലിൽ തൂക്കുമന്ത്രിസഭയിലേക്ക്? തരംഗമായി അറബ് പാർട്ടികൾ; ഭൂരിപക്ഷമില്ലാതെ നെതന്യാഹുവും പ്രതിപക്ഷവും!
ഷീബ വിജയൻ
തെൽ അവീവ്: ലോകം ഉറ്റുനോക്കിയ ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞിട്ടും ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളും ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്. ചരിത്ര മുന്നേറ്റം കാഴ്ചവെച്ച അറബ് പാർട്ടികൾക്ക് 19 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ട 61 എന്ന സംഖ്യ തികയ്ക്കാൻ ഇരുവിഭാഗത്തിനും സാധിക്കാത്തതോടെ അറബ് പാർട്ടികൾ നിർണായക ശക്തിയായി മാറി.
ഡബിൾ എൻവലപ്പ് വോട്ടുകളാണ് ഇനി പ്രധാനമായും എണ്ണാനുള്ളത്. സൈനികർ, തടവുകാർ, വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുടെ പോസ്റ്റൽ വോട്ടുകളായ ഇവ എണ്ണിത്തീരാൻ കൂടുതൽ സമയമെടുക്കും. ഇതിന്റെ അന്തിമ ഫലം വരുന്നതോടെ ചിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. തെരഞ്ഞെടുപ്പ് സർവേകളെല്ലാം പ്രതിപക്ഷ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചെങ്കിലും, 26 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഐസൻകോട്ടിന്റെ യാഷർ പാർട്ടി 21 സീറ്റുകൾ നേടി. നഫ്താലി ബെന്നറ്റിന്റെ ബെയാഖാദ്, യൂസഫ് ജബാരീന്റെ ജോയിന്റ് ലിസ്റ്റ് എന്നിവർ 12 സീറ്റുകൾ വീതവും ഡെമോക്രാറ്റ്സ് 8 സീറ്റുകളും നേടി.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ പ്രധാനമായും മൂന്ന് സാധ്യതകളാണുള്ളത്: അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യം സർക്കാരുണ്ടാക്കുക, വലതുപക്ഷ, മതാധിഷ്ഠിത പാർട്ടികളെ ഒപ്പം കൂട്ടി നെതന്യാഹു ഭൂരിപക്ഷം ഉറപ്പാക്കുക,നെതന്യാഹുവും ഐസൻകോട്ടും ചേർന്ന് ഐക്യസർക്കാർ രൂപീകരിക്കുക.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയെയാകും പ്രസിഡന്റ് ഇസാക് ഹെർസോഗ് ആദ്യം ക്ഷണിക്കുക. ഭൂരിപക്ഷം തെളിയിക്കാൻ 28 ദിവസത്തെ സമയമുണ്ടാകും. സഖ്യരൂപവത്കരണം പരാജയപ്പെട്ടാൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 2019ന് ശേഷം ഇത് ആറാമത്തെ തെരഞ്ഞെടുപ്പാണ്.
szcxcxsaads

