'തിളച്ച സാമ്പാറിൽ പുഴു എങ്ങനെ വരും?'; കായികമേള അലങ്കോലമാക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി
ഷീബ വിജയൻ
കോഴിക്കോട്: ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ട് കുട്ടികളുടെ കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നാടകമാണ് അരങ്ങേറിയതെന്നും ഇതിന് ചില മാധ്യമപ്രവർത്തകർ കൂട്ടുനിന്നതായും മന്ത്രി കുറ്റപ്പെടുത്തി. മണിക്കൂറുകളോളം തിളച്ച സാമ്പാറിലോ ആവിയിൽ വെന്ത പുട്ടിലോ പുഴു വരാൻ യാതൊരു സാധ്യതയുമില്ലെന്നും, പ്രതി പുഴുവിനെ കൊണ്ടുവരുന്നതും ഭക്ഷണത്തിൽ പ്രയോഗിക്കുന്നതും ജോലിക്കാർ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത പാചകവിദ്വാൻ പഴയിടം നമ്പൂതിരിയും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയതാണ്.
മേളയുടെ അന്തസ്സ് തകർക്കാൻ ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തിയ അധ്യാപകന്റെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോൾ പേപ്പറിന് മേലെയാണ് പുഴുവിനെ കണ്ടത്. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാരായവർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കായികമേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള നീചമായ പ്രവർത്തനങ്ങൾ നടത്തിയത്.
കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നാണെന്ന വ്യാജേന, ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപകൻ പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചെങ്കിലും പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മേളകൾ അലങ്കോലപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ അനുവദിക്കില്ലെന്നും പൊലീസ് ഇതിന്റെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്.
swsadsad

