വിവാഹ സഹായധനം 1000 ദീനാറായി ഉയർത്താൻ ബഹ്റൈൻ പാർലമെന്റ് തീരുമാനം
പ്രദീപ് പുറവങ്കര
മനാമ: അർഹരായ വിധവകൾ, മക്കൾ, സഹോദരിമാർ, പൗത്രിമാർ എന്നിവർക്ക് നിലവിൽ നൽകുന്ന വിവാഹ സഹായധനത്തിന്റെ (Marriage Grant) കുറഞ്ഞ പരിധി 1,000 ബഹ്റൈനി ദീനാറായി ഉയർത്താനുള്ള മുൻ തീരുമാനം പാർലമെന്റ് (Council of Representatives) വീണ്ടും ശരിവെച്ചു. ചർച്ചകൾ കൂടാതെയാണ് ജനപ്രതിനിധി സഭ മൂന്ന് നിയമനിർമ്മാണ നിർദ്ദേശങ്ങൾക്കും അംഗീകാരം നൽകിയത്. മുൻപ് പാർലമെന്റ് പാസാക്കിയ ഈ ബില്ലുകൾ ശൂറ കൗൺസിൽ നിരസിച്ചിരുന്നുവെങ്കിലും, പാർലമെന്റ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
സർക്കാർ, സൈനിക പെൻഷൻ പദ്ധതികൾക്കും സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിനും ബാധകമാകുന്ന രീതിയിലാണ് നിയമഭേദഗതി. ഇതനുസരിച്ച് പെൻഷൻ തുകയുടെ 24 മാസത്തെ വിഹിതത്തിന് തുല്യമായ തുകയോ അല്ലെങ്കിൽ കുറഞ്ഞത് 1,000 ദീനാറോ വിവാഹ സഹായമായി ലഭിക്കും. നിലവിൽ സർക്കാർ പെൻഷൻ പദ്ധതിയിൽ കുറഞ്ഞ തുക 540 ദീനാറും സൈനിക വിഭാഗത്തിൽ 400 ദീനാറുമായിരുന്നു. കൂടാതെ സോഷ്യൽ ഇൻഷുറൻസ് പദ്ധതിയിൽ നിലവിലുള്ള 15 മാസത്തെ പെൻഷൻ തുകയെന്നത് 24 മാസത്തെ തുകയായി ഉയർത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
വർദ്ധിച്ചുവരുന്ന ജീവനോപാധി ചെലവുകളും വിലക്കയറ്റവും കണക്കിലെടുത്ത് തുക ഉയർത്തണമെന്ന പാർലമെന്റ് സർവീസ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. സർക്കാർ മേഖലയിലെ വിവാഹ ഗ്രാന്റ് തുക കഴിഞ്ഞ 15 വർഷമായും, സൈനിക മേഖലയിലേത് 1992-ന് ശേഷവും പരിഷ്കരിച്ചിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. വിവാഹ സമയത്ത് ഒറ്റത്തവണ മാത്രം നൽകുന്ന ആനുകൂല്യമായതിനാൽ പെൻഷൻ ഫണ്ടുകൾക്ക് ഇത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്നും സമിതി വ്യക്തമാക്കുന്നു.
asadsasd

