ഷാർജയിൽ 26 കോടിയുടെ മയക്കുമരുന്ന് വേട്ട
ഷാർജ : ഷാർജയിൽ ഒന്നരക്കോടി ദിർഹത്തിന്റെ (ഏകദേശം 26 കോടിയോളം രൂപ) മയക്കുമരുന്നുമായി 20 ഏഷ്യൻ വംശജരുൾപ്പെടുന്ന സംഘത്തെ പോലീസ് പിടികൂടി. അപകടകാരിയായ ക്രിസ്റ്റൽ മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഷാർജയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഷാർജ പോലീസിന്റെ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്ക്മരുന്ന് ശേഖരം പിടികൂടിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘം മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആദ്യം ഏതെങ്കിലും സ്ഥലത്ത് പ്ലാസ്റ്റിക് കാരിബാഗിനുള്ളിൽ മയക്കുമരുന്ന് നിറച്ച് കുഴിച്ചിടും. തുടർന്ന് അവിടെനിന്ന് ഫോട്ടോയെടുത്ത് വാട്സാപ്പിൽ സ്ഥലമേതെന്ന വിവരം പങ്കുവെക്കും. ഇത് ഗ്രൂപ്പിലുള്ള ചുമതലപ്പെട്ടയാൾ എടുത്ത് ആവശ്യക്കാരിൽ എത്തിക്കും.
സംഘത്തിന്റെ നേതാവെന്ന് സംശയിക്കുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. 19 കിലോ മയക്കുമരുന്നാണ് വിവിധ ഇടങ്ങളിൽവെച്ച് കണ്ടെടുത്തതെന്ന് ഷാർജ പോലീസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഡ്രഗ്സ് എൻഫോഴ്സമെന്റ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ലെഫ്. കേണൽ മാജിദ് അൽ അസെം അറിയിച്ചു. ഷാർജ പോലീസ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടമെന്റ് മേധാവി ലെഫ്. കേണൽ ജാസിം അൽ സുവൈദി ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫാർമസികളിൽനിന്നും ക്ലിനിക്കുകളിൽനിന്നും ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടിയില്ലാതെ ലഹരിയായി ഉപയോഗിക്കാവുന്ന മരുന്ന് വിൽപ്പന നടത്താൻ പാടില്ലെന്ന് പോലീസ് മേധാവികൾ മുന്നറിയിപ്പുനൽകി.

