സൗദിയിൽ ടാക്സി നിരക്കുകൾ കുത്തനെ ഉയർന്നു
റിയാദ് : സൗദിയിൽ പെട്രോൾ വില വർദ്ധിച്ചതോടെ ടാക്സി നിരക്ക് കുത്തനെ ഉയർന്നു. എന്നാൽ ടാക്സി നിരക്ക് വർദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ടാക്സി ഡ്രൈവർമാർ തോന്നിയ നിരക്കാണ് ഈടാക്കുന്നത്. നിലവിലുളള നിരക്കിനേക്കാൾ മൂന്നിലൊന്ന് നിരക്കാണ് പല ടാക്സി ഡ്രൈവർമാരും ഈടാക്കുന്നത്.
വില വർദ്ധനവ് നിലവിൽ വന്ന ജനുവരി ഒന്നിന് വിദേശികൾ ഓടിക്കുന്ന ടാക്സികളിൽ പലതും നിരത്തിലിറങ്ങിയില്ല. ടാക്സി കന്പനികൾക്ക് കീഴിൽ സർവ്വീസ് നടത്തുന്ന വിദേശികൾ കൂടുതൽ തുക ഈടാക്കുന്നത് കന്പനികൾ വിലക്കിയിട്ടില്ല. ടാക്സി ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി നിരവധി പരാതികളാണ് അധികൃതർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പെട്രോൾ വില വർദ്ധിച്ച സാഹചര്യത്തിൽ ഗതാഗത നിരക്ക് ഉയരുമെന്ന് കൗൺസിൽ ഓഫ് ചേംബേഴ്സിലെ ദേശീയ ഗതാഗത സമിതി പ്രസിഡണ്ട് സഈദ് അൽ ബസ്സാം പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതിന് ടാക്സികൾ മീറ്റർ പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ടാക്സി കന്പനികളായ യൂബർ, കരിം തുടങ്ങിയവയുടെ കീഴിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്തു.
വാഹനം ആവശ്യപ്പെടുന്പോൾ തന്നെ നിരക്കും കാണിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇവർ ഉപയോഗിക്കുന്നു എന്നതും സുരക്ഷിതമായ യാത്ര ഉറപ്പ് നൽകുന്നു എന്നതും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതിന് പ്രധാന കാരണമാണ്.
പെട്രോൾ വില വർദ്ധനവിനൊപ്പും ഇതും ടാക്സികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.

